ബംഗളൂരു: മലനാട് മേഖലയിലെ പ്രധാന കേന്ദ്രമായ ശിവമൊഗ്ഗയിലെ കുവെമ്പു വിമാനത്താവളത്തിൽനിന്ന് ആദ്യ വാണിജ്യ സർവിസിന് ആരംഭം. വ്യാഴാഴ്ച ബംഗളൂരുവിൽനിന്നുള്ള ആദ്യ ഇൻഡിഗോ വിമാനം വ്യാഴാഴ്ച രാവിലെ 10.55ന് ശിവമൊഗ്ഗ വിമാനത്താവളത്തിന്റെ റൺവേയിലിറങ്ങി. 9.55നാണ് 72 സീറ്റുള്ള വിമാനം ബംഗളൂരുവിൽനിന്ന് പുറപ്പെട്ടത്.
അടിസ്ഥാന സൗകര്യവികസന മന്ത്രി എം.ബി. പാട്ടീൽ, ബി.ജെ.പി നേതാക്കളായ ശിവമൊഗ്ഗ എം.പി ബി.വൈ. രാഘവേന്ദ്ര, ശിക്കാരിപുര എം.എൽ.എ ബി.വൈ. വിജയേന്ദ്ര, മുൻ മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ, മുൻ മന്ത്രിമാരായ കെ.എസ്. ഈശ്വരപ്പ, അരഗ ജ്ഞാനേന്ദ്ര എം.എൽ.എ എന്നിവർ കന്നിയാത്രയിൽ പങ്കുചേർന്നു.
ഇത് ചരിത്രനിമിഷമാണെന്ന് ബംഗളൂരുവിൽനിന്ന് വിമാനത്തിൽ കയറവെ എം.ബി. പാട്ടീൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. അടുത്ത മൂന്നാഴ്ചത്തേക്കുള്ള ടിക്കറ്റുകൾ വിറ്റുതീർന്നതായും ജനങ്ങളിൽനിന്ന മികച്ച പ്രതികരണമാണ് ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു. ശിവമൊഗ്ഗ ജില്ലയുടെ ചുമതലയുള്ള മന്ത്രി മധു ബംഗാരപ്പയും വിമാനത്താവള ജീവനക്കാരും ചേർന്ന് ആദ്യ വിമാനത്തിലെ യാത്രക്കാരെ സ്വീകരിച്ചു.
ശിവമൊഗ്ഗയിലേക്ക് വിമാന സർവിസ് ആരംഭിച്ചതോടെ വ്യവസായ, സാമ്പത്തിക, വിനോദ സഞ്ചാര, വിദ്യാഭ്യാസ മേഖലകളിൽ മലനാട് മേഖലക്ക് വളർച്ചയുണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നതായി മന്ത്രി എം.ബി. പാട്ടീൽ പറഞ്ഞു. ഡൽഹി, ചെന്നൈ, ഗോവ, ഹൈദരാബാദ്, തിരുപ്പതി എന്നിവിടങ്ങളിലേക്ക് സർവിസ് ആരംഭിക്കാൻ സർക്കാർ ഉദ്ദേശിക്കുന്നതായി അദ്ദേഹം പറഞ്ഞു. ശിവമൊഗ്ഗയിൽ വിമാനത്താവളം കൊണ്ടുവരാൻ പരിശ്രമങ്ങൾ നടത്തിയ ബി.എസ്. യെദിയൂരപ്പയെ അദ്ദേഹം പ്രശംസിച്ചു.
അതേസമയം, വിമാനത്താവളം ഉദ്ഘാടനം ചെയ്ത് ആറു മാസങ്ങൾക്കുശേഷമാണ് ശിവമൊഗ്ഗയിൽ വിമാനമിറങ്ങുന്നത്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് ബി.ജെ.പി തട്ടിക്കൂട്ടിയ ചടങ്ങിൽ ഫെബ്രുവരി 27ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഉദ്ഘാടനം നിർവഹിച്ചത്.
യെദിയൂരപ്പയുടെ എൺപതാം പിറന്നാൾ കൂടിയായിരുന്നു ആ ദിവസം. ആദ്യ സർവിസ് നിലം തൊടുന്നത് കാണാൻ വിമാനത്താവളത്തിന് ചുറ്റും കൗതുകപുർവം നാട്ടുകാർ എത്തിയിരുന്നു.
450 കോടി ചെലവിട്ടാണ് 779 ഏക്കറിൽ ശിവമൊഗ്ഗ വിമാനത്താവളം ഒരുക്കിയത്. മണിക്കൂറിൽ 300 യാത്രക്കാരെ കൈകാര്യം ചെയ്യാവുന്ന സംവിധാനങ്ങളാണ് ശിവമൊഗ്ഗ വിമാനത്താവളത്തിൽ ഒരുക്കിയിട്ടുള്ളത്.
ചിക്കമഗളൂരു, ഹാസൻ അടക്കമുള്ള മലനാട് ജില്ലകൾക്കും ദാവൻകരെ, ചിത്രദുർഗ അടക്കമുള്ള മധ്യകർണാടകയിലെ ജില്ലകൾക്കും കിറ്റൂർ കർണാടകയിലെ ഹാവേരി ജില്ലക്കും ഈ വിമാനത്താവളം പ്രയോജനപ്പെടുമെന്നാണ് കണക്കുകൂട്ടൽ. കർണാടക സർക്കാർ ഉടമസ്ഥതയിലുള്ള ഏക വിമാനത്താവളം കൂടിയാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.