മുംബൈ: രണ്ടുമാസത്തിന് ശേഷം പുനരാരംഭിച്ച ആഭ്യന്തര വിമാന സർവിസുകൾ മിനിറ്റുകൾക്ക് മുമ്പ് റദ്ദാക്കിയതിനെ തുടർന്ന് ഡൽഹിയിലും മുംബൈയിലും യാത്രക്കാരുടെ പ്രതിഷേധം. വിമാനം റദ്ദാക്കുന്നതുമായി ബന്ധപ്പെട്ട വിവരങ്ങൾ യാത്രക്കാരെ അറിയിച്ചിരുന്നില്ല. വിമാനത്താവളത്തിലെത്തിയതിനുശേഷമാണ് വിമാനസർവിസുകൾ റദ്ദാക്കിയ വിവരം അറിയുന്നത്.
ഡൽഹി ഇന്ദിര ഗാന്ധി അന്തരാഷ്ട്ര വിമാനത്താവളത്തിലെ മൂന്നാം ടെർമിനൽ ആയിരുന്നു ലോക്ഡൗണിന് ശേഷം തിങ്കളാഴ്ച തുറന്നത്. എന്നാൽ ഡൽഹിയിലേക്കും, ഡൽഹിയിൽനിന്നുമുള്ള 82 വിമാന സർവിസുകളാണ് റദ്ദാക്കുകയായിരുന്നു. അവസാന നിമിഷം വരെയും വിമാനം റദ്ദാക്കുന്ന വിവരം അറിയിക്കാത്തതിനെ തുടർന്ന് യാത്രക്കാർ ദേഷ്യപ്പെട്ടു.
ഡൽഹിക്ക് പുറമെ മുംബൈ ഛത്രപതി ശിവാജി വിമാനത്താവളത്തിലും സമാന സംഭവങ്ങൾ അരങ്ങേറി. വിമാനം റദ്ദാക്കിയതിനെ തുടർന്ന് നിരവധി യാത്രക്കാർ വിമാനത്താവളത്തിന് പുറത്ത് കുത്തിയിരുന്നു.
രാജ്യത്തെ തിരക്കേറിയ രണ്ടു വിമാനത്താവളങ്ങളാണ് ഡൽഹിയും മുംബൈയും. ലോക്ഡൗണിനെ തുടർന്ന് ആഭ്യന്തര, അന്തരാഷ്ട്ര വിമാന സർവിസുകൾ നിർത്തിവെച്ചിരിക്കുകയായിരുന്നു. 62 ദിവസത്തിനുശേഷം തിങ്കളാഴ്ചയാണ് ആഭ്യന്തര സർവിസുകൾക്ക് സർക്കാർ അനുമതി നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.