ബംഗളൂരു: മുൻ എം.പിയും കർണാടക മുൻ മന്ത്രിയുമായ കെ. ജയപ്രകാശ് ഹെഗ്ഡെ എന്ന ജെ.പി. ഹെഗ്ഡെ, ഉഡുപ്പി ബൈന്തൂരിൽനിന്നുള്ള മുൻ ബി.ജെ.പി എം.എൽ.എ സുനിൽ കുമാർ ഷെട്ടി, മുദിഗരെയിൽനിന്നുള്ള മുൻ ബി.ജെ.പി എം.എൽ.എ എം.പി. കുമാരസ്വാമി എന്നിവർ ബി.ജെ.പി വിട്ട് കോൺഗ്രസിലെത്തി. ചൊവ്വാഴ്ച വൈകീട്ട് ബംഗളൂരുവിലെ കെ.പി.സി.സി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ കർണാടക കോൺഗ്രസ് അധ്യക്ഷൻ ഡി.കെ. ശിവകുമാറിൽനിന്ന് മൂവരും പാർട്ടി പതാക ഏറ്റുവാങ്ങി.
കർണാടക പിന്നാക്കവർഗ കമീഷൻ മുൻ ചെയർമാൻ കൂടിയാണ് ജെ.പി. ഹെഗ്ഡെ. ഹെഗ്ഡെയുടേത് പാർട്ടിയിലേക്കുള്ള തിരിച്ചുവരവാണ്. വൈകാതെ രണ്ടു ബി.ജെ.പി എം.എൽ.എമാർകൂടി കോൺഗ്രസ് പാളയത്തിൽ തിരിച്ചെത്തുമെന്നാണ് വിവരം. 2019ൽ സഖ്യസർക്കാറിനെ അട്ടിമറിക്കാൻ ബി.ജെ.പിയിലേക്ക് ചേക്കേറിയ എം.എൽ.എമാരായ എസ്.ടി. സോമശേഖർ, ശിവറാം ഹെബ്ബാർ എന്നിവരാണ് മടങ്ങാനൊരുങ്ങുന്നത്. രാജ്യസഭ തെരഞ്ഞെടുപ്പിൽ ക്രോസ് വോട്ട് ചെയ്ത സോമശേഖറിനും വോട്ടെുപ്പിൽനിന്ന് വിട്ടുനിന്ന ശിവറാം ഹെബ്ബാറിനും ബി.ജെ.പി കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു.
അഭിഭാഷകനായ ഹെഗ്ഡെയെ അച്ചടക്കലംഘനം ചൂണ്ടിക്കാട്ടി 2015ൽ കോൺഗ്രസ് സസ്പെൻഡ് ചെയ്തിരുന്നു. തുടർന്ന് അദ്ദേഹം ബി.ജെ.പിയിൽ ചേർന്നു. കഴിഞ്ഞ ബി.ജെ.പി സർക്കാറിനുകീഴിൽ പിന്നാക്ക വർഗ കമീഷൻ ചെയർമാനായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.