14 കോടി ജനങ്ങൾ ഭക്ഷ്യസുരക്ഷ നിയമത്തിന് പുറത്ത്; സെൻസസ് എപ്പോഴെന്ന് മോദി പറയണം -ജയറാം രമേശ്

ന്യൂഡൽഹി: 2011ലെ സെൻസസ് പ്രകാരം ഗുണഭോക്താക്കളുടെ പട്ടിക തയാറാക്കിയിരിക്കുന്നതിനാൽ ദേശീയ ഭക്ഷ്യസുരക്ഷ നിയമം (എൻ.എഫ്.എസ്.എ) പ്രകാരം 14 കോടിയോളം ആളുകൾ പുറത്തായതായി കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ്.

2021-ൽ സെൻസസ് നടത്താത്തതിന്‍റെ വീഴ്ചകൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അദ്ദേഹം വിമർശിച്ചു. സെൻസസ് എപ്പോൾ അപ്‌ഡേറ്റ് ചെയ്യുമെന്ന് മോദി രാജ്യത്തോട് പറയണമെന്നും ജയറാം രമേശ് ആവശ്യപ്പെട്ടു.

"ഭരണഘടന അനുശാസിക്കുന്ന സാമൂഹിക നീതിക്ക് യഥാർഥ അർത്ഥം നൽകുന്നതിന് സെൻസസിൽ പിന്നാക്ക വിഭാഗങ്ങളുടെ ജനസംഖ്യയെക്കുറിച്ചുള്ള വിവരങ്ങൾ ഉൾപ്പെടുത്തണം. 1951 മുതൽ ദശാബ്ദത്തിലൊരിക്കലുള്ള സെൻസസ് പട്ടികജാതികളുടെയും പട്ടികവർഗക്കാരുടെയും ജനസംഖ്യയെക്കുറിച്ചുള്ള വിവരങ്ങൾ നൽകുന്നു. പുതുക്കിയ സെൻസസ് ഒ.ബി.സി വിഭാഗങ്ങളായി തരംതിരിക്കുന്ന സമുദായങ്ങളുടെ ജനസംഖ്യയുടെ ഡാറ്റയും നൽകണം. സാമൂഹിക-സാമ്പത്തിക വികസനത്തിന് സമഗ്രമായ സെൻസസ് അനിവാര്യമാണ്" -അദ്ദേഹം എക്‌സ് പോസ്റ്റിൽ പറഞ്ഞു.

ഓരോ വിഭാഗത്തിലെയും ജനസംഖ്യയെക്കുറിച്ചുള്ള ഡാറ്റയില്ലാതെ സർക്കാറിന് സാമൂഹിക നീതിക്കായി ആസൂത്രണം ചെയ്യാൻ കഴിയില്ല. അതുകൊണ്ടാണ് ജാതി സെൻസസ് ആവശ്യമായി വരുന്നത്. സംവരണ വിഭാഗങ്ങൾക്കുള്ളിൽ സംവരണ ആനുകൂല്യങ്ങളുടെ കൂടുതൽ തുല്യമായ വിതരണം ഉറപ്പാക്കുന്നതിന് ഇത് അത്യന്താപേക്ഷിതമാണ്.

ദ്രുതഗതിയിലുള്ള സാമ്പത്തിക വികസനത്തിൽ നിന്ന് ആർക്കാണ് നേട്ടമെന്നും അതിന്‍റെ ചെലവ് വഹിക്കുന്നത് ആരാണെന്നും ഉത്തരം നൽകാൻ ജാതി സെൻസസ് അനുവദിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തങ്ങളുടെ അനുഭവം കാണിക്കുന്നത് ഇന്ത്യയിലെ വളർച്ചയുടെ നേട്ടങ്ങൾ അസമമായി വിതരണം ചെയ്യപ്പെടുന്നു എന്നാണെന്നും അദ്ദേഹം പറഞ്ഞു.

2024ലെ ലോക്‌സഭ തെരഞ്ഞെടുപ്പിൽ ജാതി സെൻസസ് നടത്തുന്നത് കോൺഗ്രസിന്‍റെ പ്രധാന പ്രചാരണ വിഷയമായിരുന്നു. കോവിഡ്-19 മഹാമാരി കാരണം ജനസംഖ്യാ കണക്കെടുപ്പ് അനിശ്ചിതകാലത്തേക്ക് മാറ്റിവച്ചു. 150 വർഷത്തെ ചരിത്രത്തിൽ ഇതാദ്യമായാണ് ദശാബ്ദക്കാലത്തെ സെൻസസ് വൈകുന്നത്.

Tags:    
News Summary - ‘14 Crore People Left Out of Food Security Act Due to Census Delay’: Jairam Ramesh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.