ന്യൂഡൽഹി: ന്യൂഡൽഹി: ഗുജറാത്തിൽ ദീപാവലിയോടനുബന്ധിച്ച് ഒക്ടോബർ 21മുതൽ 27 വരെ ഗതാഗത നിയമ ലംഘനങ്ങൾക്ക് പിഴയീടാക്കില്ലെന്ന ആഭ്യന്തര മന്ത്രി ഹർഷ് സംഘവിയുടെ പ്രഖ്യാപനത്തിനെതിരെ ഒരു വിഭാഗം. നഗരത്തിലെ ഗതാഗത പ്രശ്നങ്ങൾ കൂടുതൽ വഷളാക്കാനേ ഇതുകൊണ്ട് ഉപകരിക്കൂ എന്നും ചിലർ പ്രതികരിച്ചു. ''ആരും ഗതാഗത നിയമങ്ങൾ അനുസരിക്കില്ല, തൻമൂലം അപകട നിരക്ക് കുതിച്ചുയരും''-എന്നായിരുന്നു മറുപടി.
ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിന്റെ ജനസൗഹാർദ നയങ്ങളിലൊന്നാണിതെന്നും സംഘവി ചൂണ്ടിക്കാട്ടി. ഗുജറാത്തിൽ ഈ വർഷാവസാനം തെരഞ്ഞെടുപ്പ് നടക്കാനിരിക്കയാണ്. അതിന്റെ മുന്നോടിയായാണ് പുതിയ 'ജനസൗഹാർദ' തീരുമാനങ്ങളുമായി ബി.ജെ.പി ഭരണകൂടം എത്തിയത്.
അതേസമയം, ഏഴു ദിവസത്തെ ഇളവ് മുതലെടുക്കരുതെന്നും മന്ത്രി ട്വീറ്റ് ചെയ്തു. ആരെങ്കിലും ഗതാഗത നിയമം ലംഘിച്ചാൽ ഗുജറാത്ത് പൊലീസ് അവരെ പൂക്കൾ നൽകി ബോധവത്കരിക്കും-എന്നും മന്ത്രി വ്യക്തമാക്കി.
വെളിച്ചത്തിന്റെ ഉൽസവമാണ് ദീപാവലി. ഈയവസരത്തിലാണ് മുഖ്യമന്ത്രി ജനസൗഹാർദമായ മറ്റൊരു തീരുമാനവുമായി വന്നിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ട്വീറ്റിന് അനുകൂലമായി നിരവധിയാളുകൾ പ്രതികരിച്ചിട്ടുണ്ട്. ഗതാഗത നിയമങ്ങൾ അനുസരിക്കാൻ ജനങ്ങളെ സ്വമേധയാ പ്രേരിപിക്കുന്ന നീക്കമാണിതെന്നായിരുന്നു ചിലരുടെ പ്രതികരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.