മുംബൈ: റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് (ആർ.ഐ.എൽ) ചെയർമാൻ മുകേഷ് അംബാനിയെയും കുടുംബത്തെയും ഭീഷണിപ്പെടുത്തിയതിന് ഒരാളെ മുംബൈ പൊലീസ് കസ്റ്റഡിയിലെടുത്തു. പിടിയിലായത് 56കാരനായ വിഷ്ണു ഭൗമിക് ആണെന്ന് പൊലീസ് തിരിച്ചറിഞ്ഞു. ഇയാൾ ആദ്യം അഫ്സൽ എന്ന പേരിൽ പരിചയപ്പെടുത്തിയായിരുന്നു അംബാനിയുടെ ഓഫിസിലേക്ക് വിളിച്ചത്. പിന്നീട് യഥാർത്ഥ പേര് കണ്ടെത്തുകയായിരുന്നു.
ഇയാൾ ഇന്ന് രാവിലെ മുംബൈയിലെ ഗിർഗാവിലെ റിലയൻസ് ഫൗണ്ടേഷൻ ഹോസ്പിറ്റലിലെ ലാൻഡ് ഫോണിലേക്ക് ഒന്നിലധികം ഭീഷണി കോളുകൾ ചെയ്തതായി അധികൃതർ പറഞ്ഞു. കോളിൽ ഇയാൾ പല പേരുകളും ഉപയോഗിച്ചിരുന്നതായി വൃത്തങ്ങൾ പറയുന്നു. അതിലൊന്ന് അഫ്‌സൽ എന്നായിരുന്നു.
ഇയാൾ വിളിച്ച ഫോൺ നമ്പർ പൊലീസ് തിരിച്ചറിഞ്ഞതോടെയാണ് പ്രതിയെ കണ്ടെത്തിയത്. വിളിച്ചയാൾ മാനസിക രോഗിയാണെന്ന് അനുമാനിക്കുന്നതായി ഒരു ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാർത്താ ഏജൻസി പി.ടി.ഐ റിപ്പോർട്ട് ചെയ്തു.
സംഭവത്തിൽ കേസെടുത്തിട്ടുണ്ട്. ഇയാളെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്. മുകേഷ് അംബാനിക്കും മുംബൈയിലുള്ള കുടുംബത്തിനും കേന്ദ്രസർക്കാരിന്റെ സുരക്ഷ തുടരാമെന്ന് കഴിഞ്ഞ മാസം സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. അംബാനിമാർക്ക് സർക്കാർ സുരക്ഷ ഏർപ്പെടുത്തുന്നതിനെതിരെ സമർപ്പിച്ച പൊതുതാൽപര്യ ഹരജി ത്രിപുര ഹൈക്കോടതി സ്വീകരിച്ചതിനെ തുടർന്നാണ് കേന്ദ്രം സുപ്രീംകോടതിയെ സമീപിച്ചത്.
കഴിഞ്ഞ വർഷം, അംബാനിയുടെ വീടിന് സമീപം സ്‌ഫോടക വസ്തുക്കളുമായി ഉപേക്ഷിക്കപ്പെട്ട കാർ കണ്ടെത്തിയിരുന്നു. മുകേഷ് അംബാനിയെയും ഭാര്യ നിത അംബാനിയെയും അഭിസംബോധന ചെയ്യുന്ന ഒരു കൈയ്യക്ഷര കത്തും കാറിൽ നിന്ന് കണ്ടെത്തിയതായി അധികൃതർ അന്ന് പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.