ചെന്നൈ: ഇലക്ഷൻ അടുത്തതോടെ തമിഴ്നാട്ടിൽ വാഗ്ദാന പെരുമഴ. ഓരോ കുടുംബത്തിലേയും മുതിർന്ന വനിതക്ക് 1500 രൂപ നൽകുമെന്നാണ് എ.ഐ.എ.ഡി.എം.കെ മുഖ്യമന്ത്രി കെ. പളനിസ്വാമി പ്രഖ്യാപിച്ചു. വനിതാ ദിനത്തോടനുബന്ധിച്ച് ഡി.എം.കെ വനിതാ കുടുംബ മേധാവികൾക്ക് 1000 രൂപ നൽകുമെന്ന് പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് എ.ഐ.എ.ഡി.എം.കെ തുക കൂട്ടി വാഗ്ദാനം നൽകിയിരിക്കുന്നത്. ഇതോടൊപ്പം വർഷത്തിൽ ആറ് പാചക വാതക സിലിണ്ടറുകൾ സൗജന്യമായി നൽകുമെന്നും എ.ഐ.എ.ഡി.എം.കെ പ്രഖ്യാപിച്ചിട്ടുണ്ട്.
ഏപ്രിൽ ആറിന് നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനുള്ള എ.ഐ.എ.ഡി.എം.കെ പ്രകടന പത്രിക ജനങ്ങൾക്ക് വേണ്ടി നിരവധി പദ്ധതികളോടെ ഉടൻ പുറത്തിറക്കുമെന്നും പളനിസ്വാമി ചെന്നൈയിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു. 'സമൂഹത്തിൽ സാമ്പത്തിക സമത്വം ഉറപ്പുവരുത്താൻ, ഓരോ കുടുംബത്തിനും പ്രതിമാസം 1,500 രൂപ മുതിർന്ന സ്ത്രീകൾക്കായി നൽകും'-പളനിസ്വാമി പറഞ്ഞു. അതിനിടെ തങ്ങളുടെ പദ്ധതികൾ ഡി.എം.കെ കോപ്പിയടിച്ചെന്ന ആരോപണവും എ.ഐ.എ.ഡി.എം.കെ ഉന്നയിച്ചു.
സ്ത്രീകൾക്ക് പ്രതിമാസം 1,000 രൂപ നൽകാമെന്ന ഡിഎംകെ പ്രസിഡന്‍റ് എം.കെ. സ്റ്റാലിന്‍റെ വാഗ്ദാനം ഭരണകക്ഷി പകർത്തിയോ എന്ന് ചോദിച്ചപ്പോൾ പത്ത് ദിവസത്തോളമായി എ.ഐ.എ.ഡി.എം.കെ പ്രകടന പത്രിക തയ്യാറാക്കിക്കൊണ്ടിരിക്കുകയാണെന്നും 1,500 രൂപ സഹായ നിർദ്ദേശം ചോർന്നതാകാമെന്നും പളനിസ്വാമി തിരിച്ചടിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.