ന്യൂഡൽഹി: ഇന്ത്യയിൽ കോവിഡ് മൂന്നാം തരംഗം ഒഴിച്ചുകൂടാനാവാത്തതാണെന്നും ആറു മുതൽ എട്ടാഴ്ച വരെ സമയത്തിനുള്ളിൽ അത് സംഭവിക്കുമെന്നും മുന്നറിയിപ്പ് നൽകി ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് മേധാവി ഡോ. രൺദീപ് ഗുലേറിയ. ദേശീയ ടെലിവിഷൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് മുന്നറിയിപ്പ്.
'രാജ്യം വീണ്ടും തുറന്നതോടെ കോവിഡ് മുൻകരുതൽ കുറഞ്ഞതാണ് വില്ലനാകുന്നത്. ഒന്നാം തരംഗം കഴിഞ്ഞുള്ള ഇടവേളയിൽ നിന്ന് നാം പാഠമുൾക്കാണ്ടില്ല. ജനം കൂട്ടമായി ചേർന്നുനിന്ന് കാര്യങ്ങൾ ചെയ്യുന്നു. ദേശീയതലത്തിൽ അക്കങ്ങൾ പെരുകാൻ സമയമെടുക്കുമെങ്കിലും രോഗവ്യാപനം എട്ടാഴ്ചക്കുള്ളിൽ ഉണ്ടാകും''- ഡോ. ഗുലേറിയ മുന്നറിയിപ്പ് നൽകുന്നു.
രാജ്യത്തെ ശരിക്കും നിശ്ചലമാക്കിയ രണ്ടാം തരംഗം പിടിമുറുക്കിയ ഘട്ടത്തിൽ ആശുപത്രി ബെഡുകളില്ലാതെയും ഓക്സിജൻ ലഭിക്കാതെയും ആയിരങ്ങൾ പിടഞ്ഞുവീണിരുന്നു. മരുന്നു ക്ഷാമവും വിവിധ സംസ്ഥാനങ്ങളെ തളർത്തി. പതിനായിരങ്ങളാണ് ആഴ്ചകൾക്കുള്ളിൽ മരണം പുൽകിയത്. സമൂഹ മാധ്യമങ്ങൾ വഴി സഹായ സന്ദേശങ്ങൾ പറന്നുനടന്നതോടെ ലോകത്തുടനീളം വിവിധ രാജ്യങ്ങൾ സഹായവുമായി എത്തി.
രണ്ടാം തരംഗം അപകടകരമായ ഘട്ടം പിന്നിട്ടതോടെ രാജ്യത്തെ ഒട്ടുമിക്ക സംസ്ഥാനങ്ങളും നിയന്ത്രണങ്ങളിൽ അയവു ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.