ന്യൂഡൽഹി: 1980ലെ വന (സംരക്ഷണ) നിയമത്തിന് കേന്ദ്ര സർക്കാർ കൊണ്ടുവന്ന ഭേദഗതികൾ പാർലമെന്റ് പാസാക്കിയാൽ ദൂരവ്യാപക പ്രത്യാഘാതമുണ്ടാകുമെന്ന് പാർലമെന്റിന്റെ സംയുക്ത സമിതിക്ക് മുമ്പാകെ, കേരളത്തിന്റെ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ പ്രകൃതി ശ്രീവാസ്തവ. വിവിധ കോണുകളിൽനിന്ന് എതിർപ്പ് നേരിടുന്ന വിവാദ ബിൽ വിശദമായി പരിശോധിച്ച, 33 വർഷമായി നിരവധി വന-വന്യജീവി സംരക്ഷണ നിയമങ്ങൾ നടപ്പാക്കി അനുഭവസമ്പത്തുള്ള ഉദ്യോഗസ്ഥ എന്ന നിലയിലാണ് തന്റെ മുന്നറിയിപ്പെന്നും അവർ വ്യക്തമാക്കി. ദേശീയ വന്യജീവി സംരക്ഷണ ബോർഡ് മുൻ സ്ഥിരസമിതി അംഗമായ പ്രേരണ സിങ് ബിന്ദ്രക്കൊപ്പം തയാറാക്കിയ സംയുക്ത കുറിപ്പിലാണ് ഇക്കാര്യം ബോധിപ്പിച്ചത്.
നിലവിലെ രൂപത്തിൽ വനസംരക്ഷണ ഭേദഗതി ബിൽ നിലവിൽ വന്നാൽ ഇന്ത്യൻ വനങ്ങളുടെ മരണമണി ആയിരിക്കും. വനത്തിന്റെ സ്വഭാവമുള്ള എന്നാൽ വനമായി വിജ്ഞാപനമിറങ്ങാത്ത മേഖലകൾ നിർദിഷ്ട ഭേദഗതിയോടെ സംരക്ഷണത്തിൽനിന്ന് പുറത്താകും. രാജ്യത്തിന്റെ പരിസ്ഥിതിയെയും ജലസുരക്ഷയെയും ദുർബലപ്പെടുത്തുന്നതാണ് നിയമഭേദഗതികൾ. നിയമത്തിന്റെ അധികാര പരിധി വെട്ടിച്ചുരുക്കുന്നതിലൂടെ ജൈവസമ്പുഷ്ടമായ ഇന്ത്യൻ വനങ്ങളുടെ സംരക്ഷണം ഇല്ലാതാകും.
ദേശീയ മൃഗമായ കടുവ അടക്കമുള്ള വന്യജീവികളെ അപകടത്തിലാക്കും. അതിജീവനത്തിനും നിലനിൽപിനും നേർക്കുനേർ വനത്തെ ആശ്രയിച്ചുകഴിയുന്നവരാണ് ഇന്ത്യൻ ജനതയുടെ പകുതിയിലേറെയും. ഏറ്റവും പാർശ്വവത്കരിക്കപ്പെട്ട ഈ വിഭാഗങ്ങൾ വനസമ്പത്ത് നഷ്ടപ്പെടുന്നതോടെ കൂടുതൽ ദരിദ്രരായിത്തീരും. കാലാവസ്ഥ വ്യതിയാനം മൂലം രാജ്യം വൻ കെടുതി അനുഭവിച്ചുകൊണ്ടിരിക്കുകയാണിപ്പോൾ. ഇത് രാജ്യത്തിന്റെ വളർച്ചയെ ദോഷകരമായി ബാധിക്കും.
ഇന്ത്യയുടെ സമ്പന്നമായ സംസ്കാരത്തിന്റെ അടിവേര് പ്രകൃതിയിലാണെന്നു ചൂണ്ടിക്കാട്ടിയ കുറിപ്പിൽ ഭഗവാൻ രാമൻ വനത്തിലാണ് കഴിച്ചുകൂട്ടിയതെന്നും ആന തൊട്ട് സർപ്പം വരെയുള്ള വന്യജീവികൾക്ക് വിശുദ്ധി കൽപിക്കപ്പെടുന്നതും അവ ആരാധിക്കപ്പെടുന്നതും കേന്ദ്രത്തെ ഓർമിപ്പിച്ചു.
2010 - 2013ൽ വനം വകുപ്പിൽ പ്രകൃതി ശ്രീവാസ്തവ ഡി.ഐ.ജി(വന്യജീവി സംരക്ഷണം) ആയ സമയത്ത് ദേശീയ വന്യജീവി സംരക്ഷണ ബോർഡ് സ്ഥിര സമിതി അംഗമായിരുന്നു പ്രേരണ സിങ് ബിന്ദ്ര. കേന്ദ്രം വനസംരക്ഷണ ഭേദഗതി ബിൽ മാർച്ച് 29ന് ലോക്സഭയിൽ അവതരിപ്പിച്ചതിനു പിന്നാലെ പാർലമെന്റിന്റെ സംയുക്ത സമിതിക്ക് വിടുകയായിരുന്നു. കോൺഗ്രസ് നേതാവ് ജയ്റാം രമേശ് അധ്യക്ഷനായ സ്ഥിര സമിതിക്ക് വിടാതിരുന്നതിൽ അന്ന് പ്രതിപക്ഷം പ്രതിഷേധമുയർത്തിയിരുന്നു.
1980ലെ വനസംരക്ഷണ നിയമത്തിൽ ഭേദഗതി വരുത്തി കേന്ദ്രസർക്കാർ കൊണ്ടുവന്ന ഭേദഗതികളുടെ ലക്ഷ്യം;
• നിലവിലുള്ള വനസംരക്ഷണ നിയമത്തെ ഫലത്തിൽ ഇല്ലാതാക്കുക
• സുപ്രീംകോടതിയുടെ ഗോദാവരം വിധി വഴി നേടിയെടുത്ത വനസംരക്ഷണം മറികടക്കുക
• വനസംരക്ഷണ നിയമത്തിന്റെ അധികാരപരിധി ചുരുക്കി വലിയൊരു ഭാഗം വനപ്രദേശങ്ങളെ ഭൂ ഉപയോഗത്തിനായി തരം മാറ്റുക
• പ്ലാന്റേഷനുകൾ സൃഷ്ടിച്ച് ‘സുസ്ഥിര വികസനം’ ‘കാർബൺ ന്യൂട്രാലിറ്റി’ എന്നിവയുടെ പേരിൽ വനത്തിന്റെ വലിയൊരു ഭാഗം സ്വകാര്യവത്കരിക്കുക
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.