ബംഗളൂരു: കുടകിലെ ബെല്ലൂരുവില് എട്ടുവയസ്സുകാരനെ കൊലപ്പെടുത്തിയ കടുവയെ പിടികൂടാനുള്ള ശ്രമം ഊർജിതമാക്കിയെന്നും കടുവക്ക് വെടിയേറ്റിട്ടുണ്ടെന്നും വനംവകുപ്പ് അധികൃതർ. കടുവയെ വെടിവെക്കാന്‍ ഫോറസ്റ്റ് പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഉത്തരവിട്ടിരുന്നു. തുടർന്ന് വനം വകുപ്പിെൻറ വിവിധ സംഘങ്ങള്‍ പ്രദേശത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.
കഴിഞ്ഞദിവസം തിരച്ചിലിനിടെ വനം വകുപ്പ് ഉദ്യോഗസ്ഥന് കടുവയെ വെടിവെച്ചെങ്കിലും കാട്ടിലേക്ക് ഒാടിമറഞ്ഞു. വെടിയേറ്റ കടുവ അധികം ദൂരേക്ക് പോകാനിടയില്ലെന്നും എത്രയും വേഗം പിടികൂടാനാകുമെന്നുമാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞത്. ബെല്ലൂരുവിെൻറ ആറുകിലോമീറ്റര്‍ ചുറ്റളവിലാണ് തിരച്ചിൽ ഊർജിതമാക്കിയത്.
കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട എട്ടുവയസ്സുകാരെൻറ കുടുംബത്തിന് സഹായധനമായി 7.5 ലക്ഷം രൂപയുടെ ചെക്ക് വനംവകുപ്പ് കൈമാറി. പലതവണയായി കടുവയുടെ ആക്രമണമുണ്ടാകുമ്പോഴും വനംവകുപ്പ് കാര്യമായ നടപടി ഒന്നും സ്വീകരിക്കുന്നില്ലെന്ന് ആരോപിച്ച് പ്രദേശവാസികളുടെ നേതൃത്വത്തിൽ പ്രതിഷേധം ശക്തമാക്കി. ചൊവ്വാഴ്ച രാവിലെ വനംവകുപ്പിെൻറ വാഹനങ്ങള്‍ പ്രദേശവാസികള്‍ തടഞ്ഞു. മൂന്നാഴ്ചക്കിടെ രണ്ടു മരണങ്ങളുണ്ടായിട്ടും കാര്യമായ നടപടികൾ സ്വീകരിച്ചില്ലെന്നും ഇതാണ് എട്ടുവയസ്സുകാരെൻറ മരണത്തിനിടയാക്കിയതെന്നുമാണ് ആരോപണം. പ്രദേശവാസികളുമായി വനംവകുപ്പ് അധികൃതർ ചർച്ച നടത്തുന്നുണ്ട്. എട്ടുവയസ്സുകാരനായ രാമസ്വാമി തിങ്കളാഴ്ച രാവിലെയാണ് കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.