ബി.ജെ.ഡിയിൽ ചേർന്ന് മുൻ ബ്യൂറോക്രാറ്റ് വി.കെ പാണ്ഡ്യൻ

ഭുവനേശ്വർ: ഒഡീഷ മുഖ്യമന്ത്രി നവീൻ പട്‌നായിക്കിന്റെ പ്രൈവറ്റ് സെക്രട്ടറിയായി സേവനമനുഷ്ഠിച്ച മുൻ ബ്യൂറോക്രാറ്റ് വി.കെ പാണ്ഡ്യൻ ബിജു ജനതാദളിൽ (ബി.ജെ.ഡി) ചേർന്നു. ഭുവനേശ്വറിലെ നവീൻ നിവാസിൽ പട്‌നായിക്കിന്റെയും മറ്റ് ബി.ജെ.ഡി നേതാക്കളുടെയും സാന്നിധ്യത്തിലാണ് പാണ്ഡ്യൻ പാർട്ടിയിൽ ചേർന്നത്. ഒക്‌ടോബർ 23ന് സിവിൽ സർവീസിൽ നിന്ന് പാണ്ഡ്യൻ സ്വമേധയാ വിരമിച്ചതിന് പിന്നാലെയാണ് ഇങ്ങനെയൊരു നീക്കം. വിരമിക്കലിന് ശേഷം ഒഡീഷ സർക്കാരിലെ 5ടി (ട്രാൻസ്‌ഫോർമേഷൻ ഇനിഷ്യേറ്റീവ്സ്), നബിൻ ഒഡീഷ എന്നിവയുടെ ചെയർമാനായും സേവനമനുഷ്ഠിച്ചു.

ഒഡീഷയിലെ എല്ലാ ജില്ലകളിലും വികസന പദ്ധതികൾ അവലോകനം ചെയ്യുന്നതിനായി പാണ്ഡ്യൻ നേരത്തെ പല യോഗങ്ങളിലും പങ്കെടുത്തിരുന്നു. എന്നാൽ അടുത്ത വർഷം നടക്കാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബി.ജെ.ഡിയിലേക്കുള്ള പാണ്ഡ്യന്റെ പ്രവേശനം വലിയ ചർച്ചകൾക്ക് ഇടയാക്കിയിട്ടുണ്ട്. സംസ്ഥാനത്ത് ഭരണം ഉറപ്പിക്കുന്നതിനായി പാർട്ടി വിവിധ മണ്ഡലങ്ങളിൽ സംഘടനാ യൂനിറ്റുകൾ ശക്തിപ്പെടുത്താൻ തുടങ്ങിയിട്ടുണ്ട്.

2000 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥനായ പാണ്ഡ്യൻ തമിഴ്നാട് സ്വദേശിയാണ്. ധർമ്മഗഡ് സബ്കലക്ടറായി ഔദ്യോഗിക ജീവിതം ആരംഭിച്ച് പിന്നീട് വിവിധ ജില്ലകളിലെ കളക്ടറായി സേവനമനുഷ്ഠിച്ചു. 2011ൽ ഒഡീഷ മുഖ്യമന്ത്രി നവീൻ പട്‌നായിക്കിന്റെ പ്രൈവറ്റ് സെക്രട്ടറിയായി 12 വർഷം സേവനമനുഷ്ടിച്ചു. സിവിൽ സർവീസിലിരിക്കെ രാഷ്ട്രീയത്തിൽ ഏർപ്പെട്ടുവെന്നാരോപിച്ച് പ്രതിപക്ഷത്തിന്റെ വിമർശനം നേരിട്ടിരുന്നു.

വി.കെ പാണ്ഡ്യന് ക്യാബിനറ്റ് റാങ്കോടെ നിയമനം നൽകിയതിൽ സംസ്ഥാനത്ത് വലിയ വിവാദങ്ങൾക്ക് തിരികൊളുത്തിയിരുന്നു. മുഖ്യമന്ത്രിക്ക് വേണ്ടി ഒഡീഷ സർക്കാരിനെ ഭരിക്കുന്നത് പാണ്ഡ്യനാണെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു.

മോ സർക്കാർ, ശ്രീമന്ദിര പരിക്രമ പദ്ധതി, ബിജു സ്വാസ്ഥ്യ കല്യാൺ യോജന (ബിഎസ്‌കെവൈ) എന്നിവയുൾപ്പെടെ ഒഡീഷ സർക്കാർ സംരംഭങ്ങൾ രൂപപ്പെടുത്തുന്നതിൽ പാണ്ഡ്യൻ നിർണായക പങ്ക് വഹിച്ചിട്ടുണ്ട്. ആശുപത്രികളും ഹൈസ്‌കൂളുകളും നിർമിക്കുന്നതിലും സംസ്ഥാനത്തുടനീളമുള്ള പുരാതന ക്ഷേത്രങ്ങൾ പുനഃസ്ഥാപിക്കുന്നതിനുമുള്ള സർക്കാർ പദ്ധതികളിലും അദ്ദേഹം ശ്രദ്ധചെലുത്തി.

Tags:    
News Summary - Former bureaucrat VK Pandian joined BJD

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.