കൊൽകത്ത: ബി.ജെ.പിയിൽ ചേരുമെന്ന പ്രഖ്യാപനത്തിന് പിന്നാലെ ഹൈകോടതി ജഡ്ജി സ്ഥാനത്തു നിന്ന് രാജിവെച്ച അഭിജിത് ഗംഗോപാധ്യായക്കെതിരെ രൂക്ഷ വിമർശനവുമായി തൃണമൂൽ കോൺഗ്രസ് രംഗത്ത്. ഹൈകോടതി ജഡ്ജിയുടെ പദവിയിലിരിക്കെ അഭിജിത് ഗംഗോപാധ്യായ ‘രാഷ്ട്രീയ പ്രേരിത’ തീരുമാനങ്ങൾ എടുക്കുന്നുവെന്ന ആരോപണം ശരിയെന്ന് തെളിഞ്ഞതായി തൃണമൂൽ നേതാവ് കുനാൽ ഘോഷ് ചൂണ്ടിക്കാട്ടി.
'അഭിജിത് ഗംഗോപാധ്യായയുടെ തീരുമാനത്തോടെ, തൃണമൂൽ കോൺഗ്രസ് ഇത്രയും നാളായി ഉന്നയിക്കുന്ന ആരോപണങ്ങളെല്ലാം ശരിയെന്ന് തെളിഞ്ഞിരിക്കുകയാണ്. ഇത്രയും കാലം പദവിയിൽ ഇരുന്ന് അദ്ദേഹം രാഷ്ട്രീയ പ്രേരിത തീരുമാനങ്ങൾ എടുക്കുകയായിരുന്നു. താൻ ബി.ജെ.പിയുമായി ബന്ധപ്പെട്ടിരുന്നുവെന്നും അല്ലെങ്കിൽ ബി.ജെ.പി തന്നെ ബന്ധപ്പെട്ടിരുന്നുവെന്നും രാജിവെക്കുന്നതിന് മുമ്പ് നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. ചർച്ചകൾ നടക്കുന്നുവെന്നാണ് അതിന്‍റെ അർഥം. ഒരു ജഡ്ജി പദവിയിലിരുന്ന് ഇത് ചെയ്യുന്നത് ശരിയല്ല' -കുനാൽ ഘോഷ് പറഞ്ഞു.
കൊൽകത്ത ഹൈകോടതി ജഡ്ജി സ്ഥാനത്ത് നിന്ന് രാജിവെച്ച അഭിജിത് ഗംഗോപാധ്യായ വ്യാഴാഴ്ച ബി.ജെ.പിയിൽ ചേരുമെന്ന് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ബംഗാളിലെ തൃണമൂൽ കോൺഗ്രസിന്റെ അഴിമതിക്കെതിരെ പോരാടുന്ന ദേശീയ പാർട്ടിയായതു കൊണ്ടാണ് ബി.ജെ.പിയിൽ ചേരുന്നതെന്നാണ് മുൻ ജഡ്ജി വ്യക്തമാക്കിയത്.
അതേസമയം, തൃണമൂൽ കോൺഗ്രസിന്‍റെ ശക്തികേന്ദ്രമായ തംലൂക് ലോക്സഭ മണ്ഡലത്തിൽ നിന്ന് ബി.ജെ.പി ടിക്കറ്റിൽ അഭിജിത് ഗംഗോപാധ്യായ മത്സരിക്കുമെന്നാണ് റിപ്പോർട്ട്. 2009 മുതൽ തൃണമൂൽ നിലനിർത്തി വരുന്ന മണ്ഡലമാണിത്.
കോടതിയുടെ പരിഗണനയിൽ ഇരിക്കുന്ന കേസുകളിൽ തുടർച്ചയായി രാഷ്ട്രീയ പ്രേരിത അഭിമുഖങ്ങൾ നടത്തുന്ന അഭിജിത് ഗംഗോപാധ്യായക്കെതിരെ നടപടിക്ക് നിർദേശം നൽകണമെന്ന് ചൂണ്ടിക്കാട്ടി തൃണമൂൽ കോൺഗ്രസ് നേതാവ് അഭിഷേക് ബാനർജി ഫെബ്രുവരിയിൽ സുപ്രീംകോടതിയെ സമീപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.