യു.പിയിൽ ഷാഹി ജുമുഅ മസ്ജിദിന്റെ സർവേക്കിടെ സംഘർഷം

ന്യൂഡൽഹി: യു.പിയിലെ സംഭാൽ ജില്ലയിൽ പള്ളിയുടെ സർവേക്കിടെ സംഘർഷം. ഷാഹി ജുമുഅ മസ്ജിദിന്റെ സർവേക്കിടെയാണ് സംഘർഷമുണ്ടായതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. രാവിലെ ആറ് മണിക്ക് ഡി.എം രാജേന്ദ്ര പാൻസിയയുടെ മേൽനോട്ടത്തിലാണ് സർവേക്കായി പ്രത്യേക സംഘം എത്തിയത്. എസ്.പി കൃഷ്ണ ബിഷ്ണോയ്, എസ്.ഡി.എ വന്ദന മിശ്ര, സി.ഐ അനുജ് ചൗധരി, തഹസിൽദാർ രവി സോൻകർ തുടങ്ങിയ ഉദ്യോഗസ്ഥരും സർവേയുടെ ഭാഗമായി എത്തിയിരുന്നു.

പൊലീസിന്റേയും റാപ്പിഡ് റെസ്​പോൺസ് ഫോഴ്സിന്റേയും നിരവധി സംഘങ്ങളും സർവേക്കെത്തിയിരുന്നു. സർവേ തുടങ്ങി രണ്ട് മണിക്കൂറിന് ശേഷമാണ് പ്രതിഷേധമുണ്ടായത്.സർവേ നടത്താനെത്തിയവർക്ക് നേരെ പ്രതിഷേധക്കാർ കല്ലെറിയുകയായിരുന്നുവെന്നാണ് ​പൊലീസ് ആരോപണം. തുടർന്ന് ​പൊലീസ് ലാത്തിച്ചാർജ് നടത്തുകയും ചെയ്തു. സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

നവംബർ 19ന് ഒരു അഭിഭാഷകൻ നൽകിയ ഹരജിയെ തുടർന്നാണ് പള്ളിയുടെ സർവേക്ക് കളമൊരുങ്ങിയത്. ചാൻഡൗസിയിലെ സിവിൽ സീനിയർ ഡിവഷൻ കോടതിയിലാണ് ഇവർ ഹരജി സമർപ്പിച്ചത്.

ഷാഹി ജുമുഅ മസ്ജിദ് മുമ്പ് ശ്രീ ഹരിഹർ ക്ഷേത്രമായിരുന്നുവെന്നാണ് ഹരജിക്കാർ ആരോപിക്കുന്നത്. ബാബറിന്റെ ഭരണകാലത്ത് 1529ലാണ് ഇത് പള്ളിയായി മാറ്റിയതെന്നും ഹരജിക്കാർ ആരോപിച്ചു. ഹരജി പരിഗണിച്ച കോടതി ജഡ്ജി ആദിത്യ സിങ് സർവേക്ക് ഉത്തരവിടുകയും ഇതിന്റെ ഫോട്ടോയും വിഡിയോയും എടുത്ത് സൂക്ഷിക്കാൻ നിർദേശിക്കുകയും ചെയ്തു. പിന്നീട് അന്ന് വൈകുന്നേരം തന്നെ സർവേ നടത്തുകയും ചെയ്തു. ഇതിന് പിന്നാലെ ഇന്ന് വിശദമായ സർവേ നടന്നത്.

Tags:    
News Summary - Clashes in UP's Sambhal over mosque survey

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.