ചെന്നൈ: മോദി സര്‍ക്കാരിന്‍റെ നയങ്ങളിൽ പ്രതിഷേധിച്ച് രാജിവെച്ച ഐ.എ.എസ് ഉദ്യോഗസ്ഥൻ കോൺഗ്രസിൽ ചേരും. കഴിഞ്ഞവർഷം രാജിവെച്ച എസ്. ശശികാന്ത് സെന്തിലാണ് കോണ്‍ഗ്രസില്‍ ചേരുമെന്ന് പ്രഖ്യാപിച്ചത്. ജനാധിപത്യത്തിൽ വിട്ടുവീഴ്ച നടന്നെന്ന് ആരോപിച്ചായിരുന്നു രാജി. തുടർന്ന് എൻ.ആർ.സി, സി.എ.എ വിരുദ്ധ പ്രക്ഷോഭങ്ങൾ ഉൾപ്പെടെ സർക്കാരിനെതിരായ നിരവധി പ്രതിഷേധങ്ങളിൽ പങ്കെടുത്തിരുന്നു.
'രാജ്യത്ത് കേന്ദ്രസര്‍ക്കാര്‍ നടത്തിവരുന്നതും നടപ്പാക്കാനാഗ്രഹിക്കുന്നതുമായ നയങ്ങളോട് പ്രതിഷേധിക്കുന്നതിന്‍റെ ഭാഗമായാണ് താന്‍ സിവില്‍ സര്‍വീസില്‍ നിന്നും രാജിെവച്ചത്. ഇപ്പോള്‍ എല്ലാവരെയും ഒരുമിച്ച് നിര്‍ത്തണമെന്നും രാഷ്ട്രീയ പരിഹാരം ഉണ്ടാവണമെന്നും ആഗ്രഹിക്കുന്നു. രാഷ്ട്രീയമായ പരിഹാരത്തിന് കോണ്‍ഗ്രസാണ് ശരിയായ സംഘടന എന്ന് ഞാന്‍ കരുതുന്നു, അതിനാലാണ് ഈ തീരുമാനം' - ശശികാന്ത് സെന്തില്‍ ട്വിറ്ററിൽ കുറിച്ചു.
"വരും ദിവസങ്ങളിൽ, നമ്മുടെ ഭരണഘടനയുടെ സന്ദേശം പ്രചരിപ്പിക്കാനും രാജ്യത്തെ ജനങ്ങളെ മനസിലാക്കാനും അവരുടെ ജീവിതം മെച്ചപ്പെടുത്തുന്നതിനുള്ള വഴികളെക്കുറിച്ച് ആലോചിക്കാനും രാജ്യത്തിന്‍റെ വിവിധ കോണുകളിൽ സഞ്ചരിച്ച് ഈ സംഘടന കെട്ടിപ്പടുക്കാനും ഞാൻ ആഗ്രഹിക്കുന്നു," അദ്ദേഹം പറഞ്ഞു
2009 ബാച്ച് ഐ.എ.എസുകാരനാണ് അദ്ദേഹം. കര്‍ണാടക കേഡറിലാണ് ജോലി ചെയ്തിരുന്നത്. 2009 മുതല്‍ 2012 വരെ ബല്ലാരിയില്‍ അസിസ്റ്റന്‍റ് കമീഷണറായിരുന്നു. 2016 നവംബര്‍ മുതല്‍ മൈന്‍സ് ആന്‍ഡ് ജിയോളജി വിഭാഗത്തില്‍ ഡയറക്ടറുമായിരുന്നു. 2019 സെപ്റ്റംബറിൽ രാജിവെക്കുമ്പോൾ ദക്ഷിണ കന്നഡ ജില്ല ഡെപ്യൂട്ടി കമീഷണറായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.