ന്യൂഡൽഹി: രാജസ്ഥാനിൽ കുടത്തിൽ നിന്ന് വെള്ളമെടുത്ത് കുടിച്ചതിന്‍റെ പേരിൽ ദലിത് വിദ്യാർഥിയെ അധ്യാപകൻ മർദിച്ച് കൊന്ന സംഭവത്തിൽ പ്രതികരണവുമായി മുൻ ലോക്‌സഭാ സ്പീക്കർ മീരാ കുമാർ. ജാതിവ്യവസ്ഥ തന്നെയാണ് ഇപ്പോഴും നമ്മുടെ മുഖ്യ ശത്രുവെന്ന് അവർ പറഞ്ഞു.
തന്‍റെ പിതാവും സമാനരീതിയിൽ സ്കൂളിൽ നിന്ന് വെള്ളം കുടിക്കുന്നതിൽ വിലക്കപ്പെട്ടിരുന്നുവെന്നും അന്ന് അദ്ദേഹത്തിന്‍റെ ജീവൻ രക്ഷപ്പെട്ടത് അത്ഭുതമാണെന്നും മീരാ കുമാർ ട്വീറ്റ് ചെയ്തു.
'100 വർഷങ്ങൾക്ക് മുമ്പ് എന്‍റെ പിതാവ് ബാബു ജഗ്ജീവൻ റാമിനെ അദ്ദേഹത്തിന്‍റെ സ്കൂളിലെ സവർണ ഹിന്ദുക്കൾക്ക് വേണ്ടിയുള്ള കുടത്തിൽ നിന്ന് വെള്ളം കുടിക്കുന്നത് വിലക്കപ്പെട്ടു. പക്ഷെ അന്ന് അദ്ദേഹത്തിന്‍റെ ജീവൻ രക്ഷപ്പെട്ടു എന്നത് ഒരു അത്ഭുതമായിരുന്നു. വർഷങ്ങൾക്കിപ്പുറം അതേ കാരണത്താൽ ഒരു ഒമ്പത് വയസുകാരൻ കൊല്ലപ്പെട്ടിരിക്കുന്നു'- മീരാ കുമാർ പറഞ്ഞു. സ്വാതന്ത്ര്യം ലഭിച്ച് 75 വർഷങ്ങൾ പിന്നിട്ടിട്ടും ജാതിവ്യവസ്ഥ തന്നെയാണ് ഇപ്പോഴും നമ്മുടെ മുഖ്യ ശത്രുവായി തുടരുന്നതെന്നും അവർ കൂട്ടിച്ചേർത്തു.
ജൂലൈ 20ന് അധ്യാപകനിൽ നിന്നും ക്രൂര മർദനമേറ്റ ഒമ്പത് വയസുകാരൻ ഇന്ദ്ര മേഘ്‌വാൾ ശനിയാഴ്ചയാണ് മരണത്തിന് കീഴടങ്ങിയത്. പിന്നീട് അധ്യാപകൻ ചൈൽ സിങ്ങിനെ പൊലീസ് അറസ്റ്റ് ചെയ്യുകയും പട്ടികജാതി-പട്ടികവർഗ നിയമത്തിലെ വകുപ്പുകൾ പ്രകാരം കേസെടുക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.