മുംബൈ: ഒരു ഗായകസംഘത്തിലെ അറിയപ്പെടുന്ന പാട്ടുകാരിയായിരുന്നു അവൾ. ഓർക്കസ്ട്ര വേദികളിൽ ആരാധകരെ ഇളക്കിമറിച്ചിരുന്ന ഗായിക. ഇപ്പോൾ വയസ്സ് 46. മുൺമൂൺ ഹുസൈൻ, അർച്ചന ബറുവ, നിക്കി എന്നീ പേരുകളിലാണ് അറിയപ്പെടുന്നത്. കഴിഞ്ഞ രണ്ടു വർഷമായി അവർ മുംബൈ പൊലീസിെൻറ നിരീക്ഷണത്തിലായിരുന്നു. ഒടുവിൽ ഇക്കഴിഞ്ഞ ദിവസം അവർ പിടിയിലായി. പാട്ടുകാരിയായിരുന്ന അവരിപ്പോൾ 'പഠിച്ച കള്ളി'യായി മാറിയിരിക്കുന്നു. മുംബൈയിലും മറ്റു പ്രമുഖ നഗരങ്ങളിലുമൊക്കെ 'പറന്നു നടന്നാണ്' മോഷണം. ആഡംബര ജീവിതത്തിനായി പണം കണ്ടെത്തുന്നതിനാണ് പാട്ടുകാരി മോഷ്ടാവായി മാറിയത്.
പ്രമുഖ നഗരങ്ങളിലെ ഷോപ്പിങ് മാളുകളിൽനിന്നും മാർക്കറ്റുകളിൽനിന്നുമൊക്കെ വിലകൂടിയ വസ്തുക്കൾ അടിച്ചുമാറ്റുകയാണ് ഇവരുടെ രീതി. ബംഗളൂരു, കൊൽക്കത്ത, ഹൈദരാബാദ്, മുംബൈ എന്നിവിടങ്ങളിൽ ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കൊൽക്കത്ത സ്വദേശിനിയായ ഇവർ കുറച്ചു വർഷങ്ങളായി ബംഗളൂരുവിലാണ് താമസം.
2018 മുതൽ മുംബൈ പൊലീസും പിന്നീട് ക്രൈംബ്രാഞ്ചും ഇവരെ തേടിക്കൊണ്ടിരിക്കുകയായിരുന്നു. 2019 ഏപ്രിലിൽ മുംബൈയിൽ ലോവർ പരേലിലെ ഫീനിക്സ് മാളിൽ ഷോപ്പിങ് നടത്തുകയായിരുന്ന സ്ത്രീയുടെ ഹാൻഡ്ബാഗ് മോഷ്ടിച്ച കേസിൽ ഇവരെ അറസ്റ്റ് ചെയ്യാൻ അേന്വഷണം ഊർജിതമാക്കി. ആ ഹാൻഡ്ബാഗിൽ 13 ലക്ഷത്തിലേറെ രൂപയുടെ ആഭരണങ്ങൾ, 50,000 രൂപ, ഐ ഫോൺ എന്നിവയുണ്ടായിരുന്നു. 2020 നവംബർ 29ന് കേസ് എൻ.എം. ജോഷി പൊലീസിൽനിന്ന് മുംബൈ ക്രൈംബ്രാഞ്ചിെൻറ യൂനിറ്റ് 05 ഏറ്റെടുത്തു. ഇതുപോലുള്ള നിരവധി കേസുകൾ 2018ൽ പല നഗരങ്ങളിലുമായി ഇവരുടെ പേരിലുണ്ടെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തി.
ഇത്തരത്തിൽ ബംഗളൂരൂവിൽ അഞ്ചും ഹൈദരാബാദിൽ രണ്ടും കൊൽക്കത്തയിൽ ഒന്നും കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഇവയുടെ വിശദവിവരങ്ങൾ പരിശോധിച്ച ക്രൈംബ്രാഞ്ച്, മോഷണത്തിന് ഏറക്കുറെ ഒരേ സ്വഭാവമാണെന്ന് തിരിച്ചറിഞ്ഞു. 2013ൽ മോഷണക്കുറ്റത്തിന് മുംബൈയിൽ എൻ.എം. ജോഷി പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ അറസ്റ്റ് ചെയ്യപ്പെട്ടിരുന്നുവെങ്കിലും പിന്നീട് ജാമ്യത്തിലിറങ്ങി മുങ്ങുകയായിരുന്നുവെന്നും അന്വേഷണ സംഘത്തിന് മനസ്സിലായി.
അന്വേഷണം മുന്നോട്ടുപോകുന്നതിനിടയിലാണ് പ്രതി അറിയപ്പെടുന്ന ഓർക്കസ്ട്ര ഗായികയായിരുന്നുവെന്ന് ക്രൈംബ്രാഞ്ചിന് വിവരം ലഭിക്കുന്നത്. ഹൈദരാബാദിലും കൊൽക്കത്തയിലുമാണ് ഗായികയെന്ന നിലയിൽ അവർ കൂടുതൽ അറിയെപ്പട്ടിരുന്നത്. ഭർത്താവ് ഹൈദരാബാദിൽ കയറ്റുമതി-ഇറക്കുമതി കച്ചവടങ്ങളുണ്ടായിരുന്ന പ്രമുഖ വ്യാപാരിയായിരുന്നു. 2008ൽ ആഗോള സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് കച്ചവടത്തിൽ വൻ നഷ്ടം സംഭവിച്ചു. തുടർന്ന് പണം കടം വാങ്ങിയ ആളുകൾ തിരിച്ചുചോദിക്കാൻ തുടങ്ങിയതോടെ ദമ്പതികൾ കൊൽക്കത്തയിലേക്ക് താമസം മാറി. വൈകാതെ ഇവർ വിവാഹ മോചിതരാകുകയായിരുന്നു.
ഇതിനുശേഷം ജോലിയൊന്നുമില്ലാതിരുന്ന മുൺമൂണിന് അതുവരെ പുലർത്തിയിരുന്ന ആഡംബര ജീവിതം തുടർന്നുകൊണ്ടുപോവാൻ കഴിയാതായി. ഇതോടെയാണ് മോഷണത്തിലേക്ക് തിരിഞ്ഞത്. വിമാനത്തിൽ സഞ്ചരിച്ചാണ് വിവിധ നഗരങ്ങളിൽ മോഷണം നടത്തിയിരുന്നത്.
2012നും 2019നുമിടയിൽ ബംഗളൂരു പൊലീസ് പലതവണ ഇവരെ അറസ്റ്റ് ചെയ്തിരുന്നു. ഒരോ തവണ ഹൈദരാബാദ് പൊലീസും കൊൽക്കത്ത പൊലീസും അറസ്റ്റ് ചെയ്തു. മുങ്ങിനടക്കുകയായിരുന്ന മുൺമൂണിനെ ചൊവ്വാഴ്ച ബംഗളൂരുവിൽവെച്ചാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. ഇവരെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കാൻ 100ലധികം സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചു. 2019 ഏപ്രിലിൽ മോഷ്ടിച്ച ഹാൻഡ്ബാഗിലെ പണവും ആഭരണവും മറ്റും പൊലീസ് ഇവരിൽനിന്ന് കണ്ടെടുത്തു. അന്ന് സി.സി.ടി.വി ദൃശ്യങ്ങളിൽ ഇവർ ധരിച്ചിരുന്ന വസ്ത്രവും പൊലീസ് ബംഗളൂരുവിലെ ഇവരുടെ വീട്ടിൽനിന്ന് കെണ്ടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.