ഹൈദരാബാദ്: ഭൂമി കൈയേറ്റ ആരോപണത്തെ തുടർന്ന് ചന്ദ്രശേഖര റാവു മന്ത്രിസഭയിൽ നിന്ന് പുറത്താക്കപ്പെട്ട മുതിർന്ന നേതാവ് എറ്റേല രാജേന്ദർ തെലങ്കാന രാഷ്ട്രസമിതിയിൽ (ടി.ആർ.എസ്) നിന്ന് രാജിവെച്ചു. രാജേന്ദറിനൊപ്പം ഏതാനും ചില പ്രാദേശിക നേതാക്കളും പാർട്ടിവിട്ടിട്ടുണ്ട്.
ബി.ജെ.പിയിലോ കോൺഗ്രസിലോ ചേരുന്നതിന് മുന്നോടിയായാണ് ടി.ആർ.എസ് ബന്ധം രാജേന്ദർ അവസാനിപ്പിച്ചതെന്നാണ് റിപ്പോർട്ട്. ബി.ജെ.പി പ്രവേശനത്തിന് മുന്നോടിയായി ദേശീയ അധ്യക്ഷൻ ജെ.പി നദ്ദ, സംസ്ഥാനത്തെ മുതിർന്ന ബി.െജ.പി നേതാവും കേന്ദ്ര ആഭ്യന്തര സഹമന്ത്രിയുമായ കിഷൻ റെഡ്ഡി എന്നിവരുമായി രാജേന്ദർ കൂടിക്കാഴ്ച നടത്തിയിരുന്നു. കൂടാതെ, ചില കോൺഗ്രസ് നേതാക്കളുമായും ചർച്ചകൾ നടന്നിരുന്നു.
ഭൂമി കൈയേറ്റ ആരോപണത്തെ തുടർന്നാണ് മന്ത്രിസഭയിൽ നിന്ന് മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവു എറ്റേല രാജേന്ദറിനെ പുറത്താക്കിയത്. ഇതിന് പിന്നാലെ രാജേന്ദറിനും കുടുംബത്തിനും എതിരെ കൂടുതൽ ആരോപണങ്ങൾ പുറത്തുവരുകയും കേസുകൾ രജിസ്റ്റർ ചെയ്യുകയും ചെയ്തിരുന്നു.
ടി.ആർ.എസ് സ്ഥാപകരിൽ പ്രധാനിയായ രാജേന്ദർ, ചന്ദ്രശേഖർ റാവു മന്ത്രിസഭയിൽ ധനമന്ത്രി, ആരോഗ്യ വകുപ്പുകളുടെ ചുമതലയാണ് വഹിച്ചിരുന്നത്. സംസ്ഥാനത്ത് വലിയ സ്വാധീനശക്തിയുള്ള പിന്നാക്ക വിഭാഗമായ മുദിരാജ് സമുദായത്തിലെ മുതിർന്ന നേതാവാണ് രാജേന്ദർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.