ന്യൂഡൽഹി: കോർപറേറ്റ് ഇടനിലക്കാരൻ ദീപക് തൽവാറിനെ ചുറ്റിപ്പറ്റിയുള്ള അന്വേഷണം മുൻ വ്യോമയാന മന്ത്രി പ്രഫുൽ പട്ടേലിലേക്കും നീട്ടി എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് (ഇ.ഡി). യു.പി.എ ഭരണകാലത്ത് സ്വകാര്യ വിമാനക്കമ്പനികളെ സഹായിക്കാൻ ദേശീയ വിമാനക്കമ്പനിയായ എയർഇന്ത്യയെ നഷ്ടത്തിലാക്കിയ തീരുമാനങ്ങൾക്കുപിന്നിൽ മുതിർന്ന എൻ.സി.പി നേതാവായ പ്രഫുൽ പട്ടേലിനും പങ്കുണ്ടെന്ന സംശയം അന്വേഷിക്കാനാണ് തീരുമാനം.
ചോദ്യം ചെയ്യലിന് അടുത്ത വ്യാഴാഴ്ച രാവിലെ 11ന് ഹാജരാകണമെന്ന് നിർദേശം നൽകി. ബന്ധപ്പെട്ട രേഖകളും ഹാജരാക്കാൻ നിർദേശമുണ്ട്. ദീപക് തൽവാർ നിരന്തരം പ്രഫുൽ പട്ടേലുമായി ബന്ധപ്പെട്ടിരുന്നുവെന്നും ഇത് തീരുമാനങ്ങളെ സ്വാധീനിച്ചുവെന്നുമാണ് എൻഫോഴ്സ്മെൻറ് വാദം.
ദീപക് തൽവാറുമായി പ്രഫുൽ പട്ടേൽ അടുത്ത ബന്ധം സൂക്ഷിച്ചിരുന്നുവെന്നും കൂടുതൽ അന്വേഷണം ആവശ്യമുണ്ടെന്നും കഴിഞ്ഞമാസം ഇ.ഡി വ്യക്തമാക്കിയിരുന്നു. 2008-09 കാലത്ത് അനുകൂലമായ റൂട്ടുകൾ ലഭിക്കാൻ ദീപക് തൽവാറിന് സ്വകാര്യ വിമാനക്കമ്പനികൾ 272 കോടി നൽകിയെന്നും തെളിഞ്ഞിട്ടുണ്ട്. എന്നാൽ, അന്വേഷണം സ്വാഗതാർഹമാണെന്നും വ്യോമയാന മേഖലയിലെ സങ്കീർണതകൾ തിരിച്ചറിയാൻ ഇത് സഹായകമാവുമെന്നും പ്രഫുൽ പട്ടേൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.