ചെന്നൈ: സ്കൂളിൽ നിന്ന് യാത്ര പോയ സംഘത്തിലെ നാല് വിദ്യാർഥിനികൾ കാവേരി നദിയിൽ മുങ്ങിമരിച്ചു. തമിഴ്നാട് കാരൂർ ജില്ലയിലെ മായനൂരിലാണ് സംഭവം. നാലുപേരുടെയും മൃതദേഹം കണ്ടെത്തിയിട്ടുണ്ട്. തമിഴരസി, സോഫിയ, ഇനിയ, ലാവണ്യ എന്നീ വിദ്യാർഥികളാണ് മരിച്ചത്.
പുതുക്കോട്ടൈ ജില്ലയിലെ വിരലിമലൈ ഗവ. മിഡിൽ സ്കൂൾ വിദ്യാർഥിനികളാണ് മരിച്ചത്. രണ്ട് പേർ ഏഴാം ക്ലാസിലും ഒരാൾ ആറിലും മറ്റൊരാൾ എട്ടിലുമാണ് പഠിച്ചിരുന്നത്. ട്രിച്ചിയിൽ നടക്കുന്ന ഫുട്ബാൾ മത്സരങ്ങളിൽ പങ്കെടുക്കാനായി പോയതായിരുന്നു സ്കൂളിൽ നിന്ന് 50ലേറെ വിദ്യാർഥിനികൾ. മത്സരം കഴിഞ്ഞ് മടങ്ങിവരും വഴിയാണ് ഇവർ മായനൂരിൽ കാവേരി തീരത്ത് ഇറങ്ങിയത്.
പുഴയിലിറങ്ങിയ ഒരു കുട്ടി ആദ്യം മുങ്ങിപ്പോവുകയായിരുന്നു. ഈ കുട്ടിയെ രക്ഷിക്കാൻ ഇറങ്ങിയ മറ്റ് മൂന്ന് കുട്ടികളും പിന്നാലെ മുങ്ങിപ്പോയി. നാട്ടുകാരുടെയും ഫയർഫോഴ്സിന്‍റെയും നേതൃത്വത്തിൽ തെരച്ചിൽ നടത്തിയാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.
സംഭവത്തിൽ ദു:ഖം രേഖപ്പെടുത്തിയ തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ വിദ്യാർഥികളുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപ വീതം ആശ്വാസധനം പ്രഖ്യാപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.