ഭോപാൽ: മതംമാറ്റം ആരോപിച്ച് മധ്യപ്രദേശിലെ വിദിഷ ജില്ലയിൽപെട്ട ഗഞ്ച്ബസോദയിലെ മിഷനറി സ്കൂളിന് നേരെ ഹിന്ദു സംഘടന പ്രവർത്തകർ ആക്രമണം നടത്തിയ കേസിൽ നാലുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. സ്കൂളിൽ പരീക്ഷ നടക്കുന്നതിനിടെയായിരുന്നു ആക്രമണം. ഹിന്ദു സംഘടന പ്രവർത്തകരും നാട്ടുകാരും സ്കൂളിലേക്ക് അതിക്രമിച്ചുകയറി കല്ലെറിയുകയായിരുന്നു. എട്ടു വിദ്യാർഥികളെ സ്കൂൾ അധികൃതർ ക്രിസ്തുമതത്തിലേക്ക് മാറ്റിയെന്ന് സമൂഹമാധ്യമങ്ങളിൽ വാർത്ത പരന്നതോടെയാണ് ആക്രമണം നടന്നത്.
സിറോ മലബാർ സഭ സാഗർ രൂപയുടെ കീഴിൽ ഭോപാലിൽനിന്ന് 105 കി.മീ അകലെ ഗഞ്ച്ബസോദയിലുള്ള സെൻറ് ജോസഫ് സ്കൂൾ പരിസരത്ത് നടന്ന സംഭവത്തിന് ശേഷം അജ്ഞാതർക്കെതിരെ പൊലീസ് കലാപത്തിന് കേസെടുത്തിരുന്നു. മതപരിവർത്തനം നടത്തിയെന്ന ആരോപണം വിദിഷ കലക്ടർക്കെഴുതിയ കത്തിൽ സെൻറ് ജോസഫ് ചർച്ച് നിഷേധിച്ചു.
ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നത് തടയാൻ നിർദേശം നൽകിയതായും പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ, സന്നദ്ധ സംഘടനകൾ എന്നിവ വിദേശ സഹായം ഉപയോഗിച്ച് മതപരിവർത്തനം നടത്തുന്ന എല്ലാ സ്ഥലങ്ങളും അന്വേഷണത്തിലാണെന്നും മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്ര മാധ്യമപ്രവർത്തകരോട് പറഞ്ഞു. എന്നാൽ സമാധാനപരമായി പ്രകടനം നടത്തുകയും പ്രാദേശിക ഭരണാധികാരികൾക്ക് നിവേദനം സമർപ്പിക്കുകയുമാണ് ചെയ്തതെന്ന് മധ്യപ്രദേശ് വി.എച്ച്.പി ഭാരവാഹി നിലേഷ് അഗർവാൾ വാർത്ത ഏജൻസിയോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.