ന്യൂഡൽഹി: കോളജുകളിലെയും വിദ്യാഭ്യാസസ്ഥാപനങ്ങളിലെയും ജാതിവിവേചനം അവസാനിപ്പിക്കാൻ ഫലപ്രദ നടപടി സ്വീകരിക്കണമെന്ന് സുപ്രീംകോടതി ആവശ്യപ്പെട്ടു. ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ഉജ്ജൽ ഭുയാൻ എന്നിവരടങ്ങുന്ന ബെഞ്ച് വിഷയത്തിൽ കേന്ദ്ര സർക്കാറിന്റെ പ്രതികരണം തേടി.
സർവകലാശാലകളിലെയും ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും ഇത്തരത്തിലുള്ള പരാതികൾ സംബന്ധിച്ച് ആറാഴ്ചക്കകം റിപ്പോർട്ട് നൽകാൻ യൂനിവേഴ്സിറ്റി ഗ്രാൻഡ് കമീഷനോട് (യു.ജി.സി) ആവശ്യപ്പെടുകയും ചെയ്തു. വിവേചനം തടയാൻ കരട് ചട്ടങ്ങൾ വിജ്ഞാപനം ചെയ്യാനും യു.ജി.സിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ‘‘ഗൗരവതരമായ ഈ പ്രശ്നത്തെക്കുറിച്ച് ഞങ്ങൾക്ക് നല്ല ബോധ്യമുണ്ട്. ഫലപ്രദമായ ചില സംവിധാനങ്ങളും രീതികളും നാം കണ്ടെത്തേണ്ടതുണ്ട്’’ -ബെഞ്ച് പറഞ്ഞു.
ജാതിവിവേചനത്തെ തുടർന്ന് ആത്മഹത്യ ചെയ്തെന്ന് പറയപ്പെടുന്ന വിദ്യാർഥികളായ രോഹിത് വെമുലയുടെയും പായൽ തദ്വിയുടെയും അമ്മമാർക്കുവേണ്ടി മുതിർന്ന അഭിഭാഷക ഇന്ദിര ജയ്സിങ് കോടതിയിൽ ഹാജരായി. 2004 മുതൽ അമ്പതിലേറെ വിദ്യാർഥികൾ വിവിധ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ആത്മഹത്യ ചെയ്തെന്നും ഇതിലേറെയും പട്ടികജാതി, വർഗ വിദ്യാർഥികളാണെന്നും ഇന്ദിര ജയ്സിങ് ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.