ശ്രീനഗർ: ജമ്മു-കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കി നാലു വർഷം പൂർത്തിയായ ശനിയാഴ്ച പി.ഡി.പി അധ്യക്ഷയും ജമ്മു-കശ്മീർ മുൻ മുഖ്യമന്ത്രിയുമായ മഹ്ബൂബ മുഫ്തി ഉൾപ്പെടെ നിരവധി നേതാക്കൾ വീട്ടുതടങ്കലിൽ. കഴിഞ്ഞ ദിവസം അർധരാത്രിയോടെ നിരവധി മുതിർന്ന പാർട്ടി പ്രവർത്തകരെ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയെന്ന് മഹ്ബൂബ പറഞ്ഞു. സർക്കാർ ഭ്രാന്തുപിടിച്ചപോലെ പെരുമാറുകയാണ്.
ജമ്മു-കശ്മീരിൽ ശാന്തി പുലരുകയാണെന്ന സർക്കാർ വാദം പൊള്ളയാണെന്ന് അവർതന്നെ തുറന്നുകാണിച്ചിരിക്കുകയാണ്. ഭരണഘടന അനുഛേദം 370 റദ്ദാക്കിയത് ആഘോഷിക്കണമെന്ന് ഉദ്ഘോഷിക്കുന്ന വലിയ ബോർഡുകൾ ശ്രീനഗറിലാകെ അധികൃതർ സ്ഥാപിച്ചിട്ടുണ്ട്. എന്നാൽ, ജനങ്ങളുടെ യഥാർഥ വികാരം അടിച്ചമർത്താനാണ് മറുവശത്ത് ശ്രമിക്കുന്നത്. 370ാം വകുപ്പുമായി ബന്ധപ്പെട്ട കേസ് വിചാരണക്കു വരുമ്പോൾ സുപ്രീംകോടതി ഈ കാര്യങ്ങൾ സ്വമേധയാ പരിഗണിക്കുമെന്ന് കരുതുന്നു -മഹ്ബൂബ തുടർന്നു.
2019 ആഗസ്റ്റ് അഞ്ചിനാണ് കേന്ദ്രം ഭരണഘടന അനുഛേദം 370 റദ്ദാക്കി ജമ്മു-കശ്മീർ രണ്ടു കേന്ദ്രഭരണ പ്രദേശമാക്കി (ജമ്മു കശ്മീർ, ലഡാക്) വിഭജിച്ചത്. പ്രത്യേക പദവി റദ്ദാക്കിയ ദിനത്തിലെ പ്രതിഷേധവും സുരക്ഷയും മുൻനിർത്തിയെന്നോണം ജമ്മു ബേസ് ക്യാമ്പിൽ നിന്നുള്ള അമർനാഥ് യാത്ര താൽക്കാലികമായി നിർത്തി. കാരണം അറിയിച്ചിട്ടില്ല.
മുൻ മന്ത്രിമാരായ അബ്ദുൽ റഹ്മാൻ വീരി, നഈം അഖ്തർ, ആസിയ നഖാശ്, പി.ഡി.പി ജനറൽ സെക്രട്ടറി ഗുലാം നഹി ലോൺ ഹൻജൂറ, ഓർഗനൈസേഷൻ ജന. സെക്രട്ടറി മഹ്ബൂബ ബേഗ്, ജില്ല പ്രസിഡന്റ് മുഹമ്മദ് യാസിൻ ഭട്ട് തുടങ്ങിയവരെയാണ് കഴിഞ്ഞ ദിവസം വീട്ടുതടങ്കലിലാക്കിയത്. പി.ഡി.പി മുഖ്യവക്താവ് സെയ്ദ് സുഹൈൽ ബുഖാരി ഉൾപ്പെടെയുള്ളവർ പൊലീസ് സ്റ്റേഷനിലാണ്. പി.ഡി.പി ആസ്ഥാനം പ്രവർത്തിക്കുന്ന സ്ഥലത്തേക്കുള്ള റോഡ് സീൽ ചെയ്തു.
ആരെയും ഇവിടേക്ക് കടത്തിവിട്ടില്ല. എന്നാൽ, വിലക്കുകൾ മറികടന്ന് രാജ്ബാഗ് മേഖലയിൽ ഒരു സംഘം പാർട്ടി പ്രവർത്തകർ പ്രകടനം നടത്തി. ‘ആഗസ്റ്റ് അഞ്ച് കരിദിനം’ എന്ന പ്ലക്കാർഡുമായായിരുന്നു പ്രകടനം.നാഷനൽ കോൺഫറൻസ് ആസ്ഥാനവും സീൽ ചെയ്തതായി പാർട്ടി വക്താക്കൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.