കരുത്തുകൂട്ടി ഇന്ത്യ; മൂന്ന് റഫാൽ വിമാനങ്ങൾ കൂടിയെത്തി

ന്യൂഡൽഹി: രാജ്യത്തിന്‍റെ പ്രതിരോധ ശക്തി വർധിപ്പിക്കുന്നതിന്‍റെ ഭാഗമായി മൂന്ന് റഫാൽ യുദ്ധ വിമാനങ്ങൾ കൂടി ഇന്ത്യയിലെത്തി. ഫ്രാൻസിലെ ഇസ്ത്രസ് വ്യോമ കേന്ദ്രത്തിൽ നിന്ന്​ ദീർഘദൂരം നേരിട്ട്​ പറന്നാണ്​ നാലാം ബാച്ച്​ വിമാനങ്ങൾ ജാംനഗറിലെത്തിയത്​. ഇതോടെ വ്യോമസനേക്ക് എത്തിയ റഫാൽ വിമാനങ്ങളുടെ എണ്ണം 14 ആയി. യാത്രക്കിടെ വിമാനങ്ങൾക്ക് ഇന്ധനം നിറക്കാൻ യു.എ.ഇ വ്യോമസേന സൗകര്യം ഒരുക്കിയിരുന്നു.

2020 സെപ്​റ്റംബർ 10നാണ്​ ആദ്യ ബാച്ചിൽ അഞ്ചും നവംബർ അഞ്ചിന് രണ്ടാം ബാച്ചിൽ മൂന്നും ജനുവരി 28ന് നാലാം ബാച്ചിൽ മൂന്നും റഫാൽ വിമാനങ്ങൾ​ എത്തിയിരുന്നു​. 59,000 കോടി രൂപക്ക്​ 36 യുദ്ധ വിമാനങ്ങളാണ്​ കരാർ പ്രകാരം ഫ്രാൻസ് ഇന്ത്യക്ക് കൈമാറേണ്ടത്​. 2023ലോടെ മുഴുവൻ വിമാനങ്ങളും രാജ്യത്തെത്തും.

റഷ്യൻ സുഖോയ്​ വിമാനങ്ങൾ ഇറക്കുമതി ചെയ്​ത്​ 23 വർഷങ്ങൾക്ക്​ ശേഷം ഇന്ത്യ വാങ്ങുന്ന പ്രധാന യുദ്ധ വിമാനമാണ് ഫ്രാൻസിൽ നിന്നുള്ള​ റഫാൽ. ഫ്രഞ്ച്​ വിമാന നിർമാണ രംഗത്തെ പ്രമുഖരായ ഡസ്സൗൾട്ട്​ ഏവിയേഷനാണ് റഫാലിന്‍റെ നിർമാതാക്കൾ.

100 കിലോമീറ്റർ ദൂരെയുള്ള ലക്ഷ്യത്തിലേക്ക്​ വായുവിൽ നിന്ന്​ വായുവിലേക്ക്​ തൊടുക്കാവുന്ന മിറ്റിയോർ മിസൈൽ, സ്​കൾപ്​ ക്രൂസ്​ മിസൈൽ എന്നിവയാണ് വിമാനത്തിലുള്ള പ്രധാന ആയുധങ്ങൾ​. ഇതടക്കമുള്ളവക്കായി 14 ആയുധ സംഭരണികളും വിമാനത്തിലുണ്ട്​. ബ്രിട്ടൻ, ജർമനി, ഇറ്റലി, ഫ്രാൻസ്​, സ്​പെയിൻ, സ്വീഡൻ അടക്കം രാജ്യങ്ങൾ പൊതുവിൽ നേരിടുന്ന ഭീഷണി ചെറുക്കാൻ തയാറാക്കിയ മിസൈലാണ്​ മിറ്റിയോർ.

Tags:    
News Summary - Fourth Batch of Rafale Jets Land in India

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.