കൊൽക്കത്ത: രാജ്യത്തെ സർവകലാശാലകളിൽ അഭിപ്രായ സ്വാതന്ത്ര്യത്തിനും സ്വതന്ത്രചിന്തക്കും വെല്ലുവിളി നേരിടുകയാണെന്ന് മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്. വിയോജിക്കാനും സമാധാനപരമായി പ്രതിഷേധിക്കാനുമുള്ള അവസരം അടിച്ചമർത്തുന്നത് ജനാധിപത്യ വിരുദ്ധമാണ്. ഹൈദരാബാദ് സർവകലാശാലയിലും ജെ.എൻ.യുവിലും അടുത്തിടെ വിദ്യാർഥികളുടെ അഭിപ്രായ സ്വാതന്ത്ര്യത്തിനുമേൽ കൈകടത്താൻ നടന്ന ശ്രമങ്ങൾ ആശങ്കയുണ്ടാക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. കൊൽക്കത്തയിലെ പ്രസിഡൻസി സർവകലാശാലയിൽ സംസാരിക്കുകയായിരുന്നു മൻമോഹൻ സിങ്.
സർവകലാശാലകളിൽ നടക്കുന്ന പഠനങ്ങൾ നിലനിൽക്കുന്ന ബൗധിക– സാമൂഹിക പാരമ്പര്യങ്ങൾക്ക് എതിരാണെങ്കിൽ പോലും അത് തുടരാനുള്ള സ്വാതന്ത്ര്യം നൽകണമെന്നാണ് താൻ വിശ്വസിക്കുന്നതെന്ന് മൻമോഹൻ സിങ് പറഞ്ഞു. ഇൗ സ്വാതന്ത്ര്യം സംരക്ഷിക്കുന്നതിന് വേണ്ടി ഉൗർജസ്വലമായി കർമനിരതരാവണം. നിർഭാഗ്യവശാൽ നിലവിൽ രാജ്യത്തെ സർവകലാശാലകളിൽ സ്വതന്ത്ര ചിന്തയും അഭിപ്രായ സ്വാതന്ത്ര്യവും ഭീഷണി നേരിടുകയാണ്. സർവകലാശാലകളിലും അക്കാദമിക സ്ഥാപനങ്ങളിലും രാഷ്ട്രീയ നിയമനം നടത്തുന്നത് ദീർഘ വീക്ഷണമില്ലാത്തതുകൊണ്ടാണ്.
സമാധാനപരമായ വിയോജിപ്പുകൾ പോലും അടിച്ചമർത്താനുള്ള ശ്രമങ്ങൾ പഠനത്തിന് ദ്രോഹവും ജനാധിപത്യ വിരുദ്ധവുമാണ്. സർവകലാശാലകളുെട സ്വയംഭരണം സംരക്ഷിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നും മൻമോഹൻ സിങ് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.