ന്യൂഡൽഹി: ഝാർഖണ്ഡ് മുൻ മുഖ്യമന്ത്രി ഹേമന്ദ് സോറൻ നിയമവിരുദ്ധമായി 31 കോടി രൂപയുടെ സ്ഥലം വാങ്ങി എന്ന് തെളിയിക്കുന്നതിനായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ശേഖരിച്ചത് ടി.വിയും ഫ്രിഡ്ജും വാങ്ങിയതിന്റെ ബിൽ. റാഞ്ചി ആസ്ഥാനമായ ഡീലർമാരിൽനിന്ന് ശേഖരിച്ച ബില്ലുകളാണ് കുറ്റപത്രത്തിനൊപ്പം സമർപ്പിച്ചത്. കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമവുമായി ബന്ധപ്പെട്ട കേസുകൾ കൈകാര്യം ചെയ്യുന്ന റാഞ്ചിയിലെ പ്രത്യേക കോടതി ജഡ്ജി രാജീവ് രഞ്ജൻ ഏപ്രിൽ നാലിനാണ് പ്രോസിക്യൂഷൻ പരാതി സ്വീകരിച്ചത്.
സന്തോഷ് മുണ്ടയുടെ കുടുംബാംഗങ്ങളുടെ പേരിലാണ് ടി.വിയും ഫ്രിഡ്ജും വാങ്ങിയതെന്നും ഹേമന്ദ് സോറൻ നിയമവിരുദ്ധമായി വാങ്ങിയ 8.86 ഏക്കർ സ്ഥലത്തിന്റെ പരിചാരകനായി 15 ഓളം വർഷമായി താമസിക്കുന്നത് ഇയാളാണെന്നും ഇ.ഡി ആരോപിച്ചു. മുണ്ടയുടെ മൊഴി ഉപയോഗിച്ച് പ്രസ്തുത ഭൂമിയുമായി തനിക്ക് ബന്ധമില്ലെന്ന സോറന്റെ വാദത്തെ ഇ.ഡി പ്രതിരോധിക്കുകയും ചെയ്തു. സ്ഥലത്തിന്റെ മേൽ രാജ്കുമാർ പഹാൻ എന്ന വ്യക്തിയുടെ അവകാശവാദവും ഇ.ഡി നിരസിച്ചിരുന്നു.
സോറൻ മുഖ്യമന്ത്രിസ്ഥാനം രാജിവെച്ചതിന് തൊട്ടുപിന്നാലെ, ഭൂമി കൈയേറ്റവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ജനുവരി 31 നാണ് ഇ.ഡി അറസ്റ്റ് ചെയ്തത്. റാഞ്ചി ഹോത്വാറിലെ ബിർസ മുണ്ട ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ് സോറൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.