ന്യൂഡൽഹി: തുടർച്ചയായ ഇന്ധന വില വർധനവിൽ പ്രതിഷേധിച്ച് പ്രതിപക്ഷം ലോക്സഭ സ്തംഭിപ്പിച്ചു. വിഷയം സഭാനടപടികൾ നിർത്തിവെച്ച് ചർച്ചചെയ്യണമെന്ന് ആവശ്യപ്പെട്ട് കേരളത്തിൽനിന്നുള്ള കോൺഗ്രസ് എം.പിമാരായ കൊടിക്കുന്നിൽ സുരേഷ്, ടി.എൻ. പ്രതാപൻ, ബെന്നി ബഹ്നാൻ എന്നിവർ അടിയന്തര പ്രമേയത്തിന് നൽകിയ നോട്ടീസിന് സ്പീക്കർ ബിർള അനുമതി നിേഷധിച്ചതിനെ തുടർന്നാണ് പ്രതിപക്ഷം ഉച്ചക്ക് രണ്ടു വരെ സഭ സ്തംഭിപ്പിച്ചത്.
ചോദ്യോത്തര വേളയിലേക്ക് സ്പീക്കർ കടന്നതിൽ പ്രതിഷേധിച്ച് മുദ്രാവാക്യങ്ങളുമായി അംഗങ്ങൾ നടുത്തളത്തിലിറങ്ങി. എന്നിട്ടും സഭ മുന്നോട്ടുകൊണ്ടുപോയ സ്പീക്കർ പ്രതിഷേധം തുടരുകയാണെന്നു കണ്ട് ചോദ്യോത്തര വേള തീരാനിരിക്കെ സഭ നിർത്തിെവക്കുകയായിരുന്നു. ഉച്ചക്കുശേഷം യുക്രെയ്നിലെ റഷ്യൻ അധിനിവേശവും അതേ തുടർന്ന് ഇന്ത്യൻ വിദ്യാർഥികൾ പ്രതിസന്ധിയിലായതും ചർച്ച ചെയ്തു. രാജ്യസഭയിൽ കെ.സി. വേണുഗോപാൽ അടക്കമുള്ളവർ അടിയന്തര പ്രമേയത്തിന് നൽകിയ നോട്ടീസ് ചെയർമാൻ വെങ്കയ്യ നായിഡുവും തള്ളി.
പതിവായി ഇന്ധന വിലയും പാചകവാതക വിലയും ഉയർത്തുന്നത് സഭയിൽ ഉന്നയിക്കാൻ അനുവദിച്ചില്ലെങ്കിൽ പിന്നെ എവിടെ പറയുമെന്ന് പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെ ചോദിച്ചു. ചർച്ച നേരത്തേ നടത്തിയിട്ടുണ്ടെന്നും ഇനി അനുവദിക്കില്ലെന്നും രാജ്യസഭാ ചെയർമാൻ വെങ്കയ്യ നായിഡു പറഞ്ഞപ്പോൾ ചർച്ച നടത്തിയതിെൻറ പിറ്റേന്നുതന്നെ വില ഉയർത്തിയാൽ എന്തുചെയ്യുമെന്ന് ഖാർഗെ ചോദിച്ചു. കാര്യപരിപാടി നിർത്തിവെച്ച് അടിയന്തര ചർച്ചയില്ലെങ്കിൽ ചർച്ചക്ക് മറ്റൊരു അവസരം നൽകണമെന്ന് തൃണമൂൽ കോൺഗ്രസിലെ സുഖേന്ദു ശേഖർ റോയ് ആവശ്യപ്പെട്ടു.
ന്യൂഡൽഹി: യുക്രെയ്നിൽനിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട വിഷയങ്ങൾ ലോക്സഭ ചർച്ചചെയ്തു. റഷ്യ-യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിച്ച് സമാധാനം പുനഃസ്ഥാപിക്കാന്‍ ഇന്ത്യ മുന്‍കൈ എടുക്കണമെന്ന് ചർച്ചക്ക് തുടക്കം കുറിച്ച് എന്‍.കെ. പ്രേമചന്ദ്രന്‍ ആവശ്യപ്പെട്ടു.
നിഷ്പക്ഷവും നീതിയുക്തവുമായ പരമ്പരാഗത വിദേശനയം സ്വീകരിക്കുന്ന ഇന്ത്യയെ ലോകം ഉറ്റുനോക്കുകയാണ്. ഈ അവസരത്തെ ഫലപ്രദമായി പ്രയോജനപ്പെടുത്താന്‍ കഴിയണം. ഒഴിപ്പിക്കലിനിടെയുണ്ടായ കാലതാമസം ഗൗരവകരമായ പരിശോധനക്ക് വിധേയമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രതിസന്ധി ഘട്ടത്തിൽ പ്രവർത്തിക്കേണ്ടത് സർക്കാറിന്‍റെ കടമയാണ്. പക്ഷേ, അതിന്‍റെ ക്രെഡിറ്റ് ഏറ്റെടുക്കുന്നത് ഭരണകൂടത്തിന് യോജിച്ചതല്ലെന്ന് കോൺഗ്രസ് ലോക്സഭ കക്ഷി നേതാവ് അധീർ രജ്ഞൻ ചൗധരി കുറ്റപ്പെടുത്തി. 23,000 ഇന്ത്യക്കാരെ ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവന്നതിനും നാമെല്ലാവരും നന്ദിയുള്ളവരാണെന്നതിൽ സംശയമില്ലെന്നും എന്നാൽ, ഈ പ്രക്രിയ മറ്റു ചില എംബസികൾ വേഗത്തിൽ നടപ്പാക്കിയിട്ടുണ്ടെന്നും ശശി തരൂർ എം.പി പറഞ്ഞു. ഒഴിപ്പിക്കലിനിടെ ഇന്ത്യ നടത്തിയ പ്രചാരണം നിർഭാഗ്യകരമാണെന്നും തരൂർ ചൂണ്ടിക്കാട്ടി.
ഇന്ത്യയിൽ പഠിക്കുന്നത് വിദ്യാർഥികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുകയും വിദേശത്തേക്ക് പോകാൻ നിർബന്ധിതരാക്കുകയും ചെയ്യുന്ന നീറ്റ് നിയന്ത്രണങ്ങൾ കൊണ്ടാണെന്ന് ഡി.എം.കെയുടെ ഡോ. സുമതി തങ്കപാണ്ഡെ കുറ്റപ്പെടുത്തി. ഓപറേഷൻ ഗംഗ എന്നത് ഒഴിപ്പിക്കൽ അല്ലായിരുന്നുവെന്നും ഗതാഗത ഓപറേഷൻ മാത്രമായിരുന്നുവെന്നും അവർ പരിഹസിച്ചു. ഇന്ത്യ നടത്തിയ ഏറ്റവും മികച്ചതും കാര്യക്ഷമവുമായ ഒഴിപ്പിക്കലുകളിൽ ഒന്നായിരുന്നു ഓപറേഷൻ ഗംഗ എന്ന് മന്ത്രി ഹർദീപ് സിങ് പുരി പറഞ്ഞു. ജനുവരി ആദ്യം തന്നെ ഒഴിപ്പിക്കലിന് തയാറായിട്ടുണ്ട്. എന്നാൽ, കോളജുകൾ ഹാജർ റദ്ദാക്കുന്നതിനെക്കുറിച്ചും മറ്റു കാരണങ്ങളാലും പോരാൻ തയാറായില്ല എന്നതാണ് സത്യമെന്നും മന്ത്രി ന്യായീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.