കൊൽക്കത്ത: ബംഗാൾ ഹുഗ്ലിയിലെ ഫുർഫുറ ശരീഫ് ദർഗ തലവനും സംസ്ഥാനത്ത് സ്വാധീനമുള്ള മതനേതാവുമായ അബ്ബാസ് സിദ്ദീഖി ഇന്ത്യൻ സെക്കുലർ ഫ്രണ്ട് (ഐ.എസ്.എഫ്) എന്ന പേരിൽ പുതിയ രാഷ്ട്രീയ പാർട്ടിയുമായി രംഗത്ത്. സംസ്ഥാനത്തെ 294 നിയമസഭ മണ്ഡലങ്ങളിലും മത്സരിക്കുമെന്ന് കൊൽക്കത്ത പ്രസ്ക്ലബിൽ സംഘടന പ്രഖ്യാപനം നിർവഹിച്ച് സിദ്ദീഖി പറഞ്ഞു. ഭരണഘടനയിലധിഷ്ഠിതമായ ജനാധിപത്യം സംരക്ഷിക്കപ്പെടുമെന്ന് ഉറപ്പുവരുത്താനാണ് പാർട്ടി രൂപവത്കരിക്കുന്നത്. സാമൂഹിക നീതി ഏവർക്കും ലഭിക്കണമെന്നും അന്തസ്സോടെ എല്ലാവർക്കും ജീവിക്കാൻ കഴിയണമെന്നും അദ്ദേഹം പറഞ്ഞു.
പുതിയ പാർട്ടിയുടെ വരവോടെ ന്യൂനപക്ഷ വോട്ടുകൾ വിഭജിക്കപ്പെടുകയും അത് തൃണമൂലിന് തിരിച്ചടിയാവുകയും ചെയ്യില്ലേ എന്ന ചോദ്യത്തിന്, ഭരണകക്ഷിയുടെ തെരഞ്ഞെടുപ്പ് ഭാവിയെ കുറിച്ച് ആശങ്കപ്പെടൽ തങ്ങളുടെ പണിയല്ലെന്ന് സിദ്ദീഖി മറുപടി നൽകി. ടി.എം.സി ഉൾപ്പെടെയുള്ള മതേതര പാർട്ടികളുമായുള്ള സഖ്യസാധ്യതയെക്കുറിച്ച് ആരാഞ്ഞപ്പോൾ ബി.ജെ.പിക്കെതിരെ മറ്റു പാർട്ടികളെ ഒരുമിപ്പിക്കൽ തെൻറ ജോലിയല്ലെന്നും മുഖ്യമന്ത്രി മമത ബാനർജിയുടെ ഉത്തരവാദിത്തമാണെന്നുമായിരുന്നു മറുപടി.
ന്യൂനപക്ഷങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിക്കുന്നതിൽ തൃണമൂൽ പരാജയപ്പെട്ടു. ഇടത്-കോൺഗ്രസ് സഖ്യവുമായി കൈകോർക്കുന്നതു സംബന്ധിച്ച് ചർച്ച നടക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഉവൈസിയും പിന്തുണ നൽകാമെന്ന് വ്യക്തമാക്കിയിട്ടുണ്ടെന്നും സീറ്റ് വിഭജനം പിന്നീട് തീരുമാനിക്കുമെന്നും സിദ്ദീഖി പറഞ്ഞു. സംസ്ഥാനത്തെ നൂറിലേറെ മണ്ഡലങ്ങളിൽ നിർണായക ശക്തിയായ മുസ്ലിം ന്യൂനപക്ഷത്തിനിടയിൽ ഫുർഫുറ പ്രസ്ഥാനത്തിന് വൻ സ്വാധീനമാണുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.