നിർണായക യോഗം ചേർന്ന് ജി -23നേതാക്കൾ; കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മനീഷ് തിവാരി മത്സരിച്ചേക്കും

ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് മത്സരിക്കാൻ നാമനിർദേശപത്രിക സമർപ്പിക്കാനുള്ള തിയതി വെള്ളിയാഴ്ച അവസാനിക്കാനിരിക്കെ നിർണായക യോഗം ചേർന്ന് ജി.23 നേതാക്കൾ. വ‍്യാഴാഴ്ച രാത്രി കോൺഗ്രസ് നേതാവ് ആനന്ദ് ശർമയുടെ വസതിയിലായിരുന്നു യോഗം. മുൻ കേന്ദ്രമന്ത്രി മനീഷ് തിവാരി, മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി പൃഥ്വിരാജ് ചൗഹാൻ, ഹരിയാന മുൻ മുഖ്യമന്ത്രി ഭൂപീന്ദർ സിങ് ഹൂഡ, ആനന്ദ് ശർമ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

ജനാധിപത്യരീതിയിൽ തെരഞ്ഞെടുപ്പ് നടത്തുന്നതിൽ സോണിയാഗാന്ധിക്ക് നന്ദിപറയുന്നതായും മികച്ച സ്ഥാനാർഥിയെ പിന്തുണക്കുമെന്നും പൃഥ്വിരാജ് ചൗഹാൻ പറഞ്ഞു. യോഗത്തിൽ പങ്കെടുത്തശേഷം രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടുമായി ആനന്ദ് ശർമ കൂടിക്കാഴ്ച നടത്തിയിരുന്നു.

നിലവിൽ ശശി തരൂരാണ് 'ജി.23' ഗ്രൂപ്പിൽനിന്ന് നിന്ന് അധ്യക്ഷസ്ഥാനത്തേക്ക് മത്സരിക്കുമെന്ന് പ്രഖ്യാപിച്ചത്. എന്നാൽ തരൂരിനെ കൂടാതെ 'ജി.23'യുടെ പ്രതിനിധിയായി മനീഷ് തിവാരിയും നാമനിർദേശ പത്രിക നൽകുമെന്നാണ് റിപ്പോർട്ടുകൾ. ഇതു സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കാൻ നേതാക്കൾ വെള്ളിയാഴ്ച വീണ്ടും യോഗം ചേരും.

അധ്യക്ഷസ്ഥാനത്തേക്ക് മത്സരിക്കാനില്ലെന്ന് അശോക് ഗെഹ്ലോട്ട് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയതിനുശേഷമാണ് അദ്ദേഹം തീരുമാനം അറിയിച്ചത്. ഇതോടെ മത്സരം ദിഗ് വിജയ് സിങ്ങും ശശി തരൂരും തമ്മിലാവും എന്നായിരുന്നു അനുമാനങ്ങൾ. എന്നാൽ മുതിർന്ന കോൺഗ്രസ് നേതാവ് മല്ലികാർജുൻ ഖാർഗെയും മത്സരരംഗത്തെത്തുമെന്നാണ് സൂചനകൾ.

Tags:    
News Summary - G-23 leaders meet as Congress president poll race heats up

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.