മുകുൾ വാസ്നികിനെ കോൺഗ്രസ് അധ്യക്ഷനാക്കണമെന്ന് ജി 23 നേതാക്കൾ

കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മുകുൾ വാസ്നികിനെ പരിഗണിക്കണമെന്ന് ജി 23 നേതാക്കൾ ആവശ്യപ്പെട്ടതായി സൂചന. പ്രവർത്തക സമിതി ചേരാനിരിക്കെയാണ് നിർദേശവുമായി നേതാക്കൾ രംഗത്തെത്തിയത്. എന്നാൽ സോണിയ ഗാന്ധി തുടരണമെന്നാണ് അശോക് ഗെഹ്‍ലോട്ട് അഭിപ്രായപ്പെട്ടത്.

നിലവില്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയാണ് മുകുള്‍ വാസ്നിക്. കേന്ദ്രമന്ത്രിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. 2009-14 വരെ മഹാരാഷ്ട്രയിലെ രാംടെക് മണ്ഡലത്തെ പ്രതിനിധീകരിച്ചു. എന്‍.എസ്.യുവിന്‍റെയും യൂത്ത് കോൺഗ്രസിന്‍റെയും ദേശീയ അധ്യക്ഷനായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

അഞ്ച് സംസ്ഥാനങ്ങളിലെയും തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനു പിന്നാലെ തിരുത്തൽവാദികളുടെ സമ്മർദത്തിന്‍റെ ഫലമായിട്ടാണ് ഇന്ന് പ്രവർത്തക സമിതി യോഗം ചേരുന്നത്. ജി 23 നേതാക്കളുടെ പ്രതിഷേധം കനത്തതോടെ സോണിയ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും രാജിസന്നദ്ധത അറിയിച്ചതായി റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. വാർത്ത അടിസ്ഥാനരഹിതമാണെന്ന് ചൂണ്ടിക്കാട്ടി ജനറൽ സെക്രട്ടറി റൺദീപ് സുർജേവാലയും പിന്നാലെയെത്തി.

ഇത് രണ്ടാം തവണയാണ് ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ പ്രിയങ്ക ഗാന്ധി നയിച്ചത്. കോൺഗ്രസിൽ ഔദ്യോഗിക പദവികളൊന്നുമില്ലെങ്കിലും മറ്റു നാല് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിനു ചുക്കാൻ പിടിച്ചത് രാഹുൽ ഗാന്ധിയായിരുന്നു. രാഹുൽ ഗാന്ധിയുടെ വിശ്വസ്തനായ സംഘടനാ ജനറൽ സെക്രട്ടറി കെ. സി വേണുഗോപാലിനെ ജി 23 നേതാക്കൾ ഉന്നം വക്കുന്നുണ്ട്. ജി 23 നേതാക്കളിൽ നിന്നും വർക്കിങ് പ്രസിഡന്‍റിനെ കണ്ടെത്തി പ്രശ്‌നം പരിഹരിക്കാന്‍ ഹൈക്കമാൻഡ് നീക്കം നടത്തുന്നുണ്ട്. അതേസമയം, കെ.സി വേണുഗോപാലിനെതിരെ കണ്ണൂരിലും കോഴിക്കോടും വിവിധയിടങ്ങളിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. 

Tags:    
News Summary - G-23 leaders proposed Mukul Wasnik's name for new Congress President

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.