ന്യൂഡൽഹി: ജി20 ഉച്ചകോടിയുടെ തയാറെടുപ്പ് അവലോകനം ചെയ്ത് ഡൽഹി ലെഫ്റ്റനന്‍റ് ഗവർണർ. ഇതിനായി ചേർന്ന ഉന്നതതല യോഗത്തിൽ ലെഫ്റ്റനന്‍റ് ഗവർണർ വി.കെ. സക്‌സേന അധ്യക്ഷത വഹിച്ചു. ഡൽഹിയിലെ റോഡുകളിലും തെരുവുകളിലും, പങ്കെടുക്കുന്ന എല്ലാ രാജ്യങ്ങളുടെയും ജി20യുടെയും ലോഗോകളും പതാകകളും സ്ഥാപിക്കുമെന്ന് ഗവർണർ അറിയിച്ചു. 18 ലൊക്കേഷനുകൾ നിലവിൽ കണ്ടെത്തിയിട്ടുണ്ട്. അവിടെ ചില അന്താരാഷ്ട്ര സ്ഥാപനങ്ങളുടെ ഉൾപ്പെടെ 43 പതാകകൾ ഉയർത്തും. ഭീകരത, ആണവ, ജൈവ, രാസ, പൊതു ക്രമസമാധാന നില തുടങ്ങിയ ഏത് തരത്തിലുള്ള ഭീഷണിയും നേരിടാൻ സുരക്ഷ ഉറപ്പാക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിഭാവനം ചെയ്ത എല്ലാ പദ്ധതികളും പൂർത്തീകരിക്കുന്നതിന് അടുത്ത ഏഴ് ദിവസങ്ങൾ നിർണായകമാണെന്ന് വി.കെ സക്‌സേന വ്യക്തമാക്കി. സിവിൽ, ഇലക്ട്രിക്കൽ, ഹോർട്ടികൾച്ചർ, മെഡിക്കൽ, സുരക്ഷാ തയ്യാറെടുപ്പുകൾ എന്നിവയിലെ സുതാര്യത ഉറപ്പാക്കാനുള്ള നടപടികൾ തുടങ്ങിയെന്നും വേദിയിലെ വൈദ്യുതി വിതരണത്തെ കുറിച്ച് അന്വേഷിക്കുകയും അത് തടസ്സരഹിതമാക്കാൻ വൈദ്യുതി വകുപ്പിനോട് ആവശ്യപ്പെടുകയും ചെയ്തതായി അദ്ദേഹം കൂട്ടിച്ചേർത്തു.
മെഡിക്കൽ ആവശ്യങ്ങൾക്കായി എല്ലാ സർക്കാർ ആശുപത്രികളും പൂർണ്ണമായി സജ്ജീകരിച്ചിട്ടുണ്ടെന്നും ഓരോ ആശുപത്രിയിലും മൂന്ന് ടീമുകൾ വീതമുള്ള 80 ഡോക്ടർമാരുടെയും, പരിശീലനം ലഭിച്ച മെഡിക്കൽ ഉദ്യോഗസ്ഥരുടെയും ടീമുകളുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. 70 അത്യാധുനിക ആംബുലൻസുകളും സുസജ്ജമായ 60 ആംബുലൻസുകളും തയാറായുണ്ടാകും. സ്വകാര്യ ആശുപത്രികളോടും സജ്ജരായിരിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. എല്ലാ ടീമുകളുടെയും വെരിഫിക്കേഷൻ നടത്തി മെഡിക്കൽ കിറ്റുകൾ തയ്യാറായിട്ടുണ്ട്. ഉച്ചകോടി വേദിയിലും വിശിഷ്ട വ്യക്തികൾ താമസിക്കുന്ന എല്ലാ നിയുക്ത ഹോട്ടലുകളിലും ആംബുലൻസുകൾ നിലയുറപ്പിക്കും. എല്ലാ മെഡിക്കൽ ജീവനക്കാരും യൂണിഫോമിൽ ആയിരിക്കണമെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്.
66 അഗ്നിശമന സേനാ ടെൻഡറുകളും സജ്ജമാക്കിയിട്ടുണ്ട്. വിവിധ ഹോട്ടലുകൾക്കായി 23 വാഹനങ്ങൾ തയാറാക്കിയിട്ടുണ്ട്. ഹോട്ടലുകളിലെ അഗ്നി സുരക്ഷയുടെ ഓഡിറ്റ് മുൻഗണനാടിസ്ഥാനത്തിൽ നടത്തണമെന്നും വി.കെ സക്‌സേന നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.