ന്യൂഡൽഹി: ജി-20 ഉച്ചകോടിക്കെത്തുന്ന അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ഉൾപ്പെടെ ലോക നേതാക്കളെ കാത്തിരിക്കുന്നത് ഡൽഹി ചാന്ദ്നിചൗക്കിലെ ഭക്ഷണശാലകളിൽനിന്നുള്ള കൊതിയൂറും ഇന്ത്യൻ വിഭവങ്ങൾ. ചെറുധാന്യങ്ങൾ ഉപയോഗിച്ച് തയാറാക്കുന്ന നൂതന വിഭവങ്ങളും പട്ടികയിലുണ്ട്. സെപ്റ്റംബർ ഒമ്പത്, 10 തീയതികളിൽ ഡൽഹി ഭാരത് മണ്ഡപത്തിലാണ് ഉച്ചകോടി. ഉച്ചകോടിയുടെ ഒരുക്കങ്ങൾ ഡൽഹിയിൽ അതിവേഗം പുരോഗമിക്കുകയാണ്.
ഉച്ചകോടിയുടെ ഓർമക്കായി ഭാരത് മണ്ഡപത്തിന് മുന്നിൽ ഒരുക്കുന്ന ജി-20 ഉദ്യാനത്തിൽ ലോകനേതാക്കൾ അവരവരുടെ രാജ്യത്തിന്റെ ദേശീയ വൃക്ഷത്തൈകൾ നടും. നേതാക്കളുടെ പങ്കാളികൾക്ക് ജയ്പൂർ ഹൗസിൽ ഉച്ചഭക്ഷണമൊരുക്കും. നാഷനൽ ഗാലറി ഓഫ് മോഡേൺ ആർട്ടിൽ കരകൗശല വസ്തുക്കളുടെ പ്രദർശനം നടക്കും. .
സെൻട്രൽ ഡൽഹി, ഏറോസിറ്റി, ഗുരുഗ്രാം എന്നിവിടങ്ങളിലെ ഹോട്ടലുകളിലാണ് വി.വി.ഐ.പികൾക്ക് താമസസൗകര്യം ഒരുക്കിയിരിക്കുന്നത്. വിവിധ രാജ്യങ്ങളിലെ സുരക്ഷ ഏജൻസികളുമായി ചേർന്ന് ഡൽഹി പൊലീസ് നഗരത്തിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. അമേരിക്കൻ പ്രസിഡന്റിന് പുറമെ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ, ആസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ആൽബാനിസ്, ജർമൻ ചാൻസലർ ഒലാഫ് ഷോൾസ്, ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനക്, ജാപ്പനീസ് പ്രധാനമന്ത്രി ഫുമിയോ കിഷിദ, കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ, ഇന്തോനേഷ്യൻ പ്രസിഡന്റ് ജോകോ വിദോദോ, സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ, ബ്രസീൽ പ്രസിഡന്റ് ലുലാ ഡാ സിൽവ തുടങ്ങിയവർ ഉച്ചകോടിക്കെത്തും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.