ന്യൂഡൽഹി: എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിനെ സംഘടനാ ചുമതലയിൽനിന്ന് മാറ്റണമെന്ന സമ്മർദം ശക്തമാക്കി തിരുത്തൽവാദി നേതാക്കൾ. രാഹുൽ ഗാന്ധിയുടെ വിശ്വസ്തരായി പ്രവർത്തിക്കുന്ന മുഖ്യവക്താവും പ്രവർത്തക സമിതി അംഗവുമായ രൺദീപ്സിങ് സുർജേവാല, പഞ്ചാബിന്റെ ചുമതല വഹിക്കുന്ന ജനറൽ സെക്രട്ടറി അജയ് മാക്കൻ എന്നിവരെയും മാറ്റണം. ജി-23 നേതാക്കളെ അനുനയിപ്പിക്കാനുള്ള ശ്രമത്തിൽ ചില മാറ്റങ്ങൾക്ക് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി തയാറായേക്കും.
പാർട്ടി പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിലും നേതൃനിരയുമായി സൗഹാർദത്തിൽ കാര്യങ്ങൾ മുന്നോട്ടു കൊണ്ടുപോകുന്നതിലും വേണുഗോപാൽ, രൺദീപ്സിങ്, അജയ് മാക്കൻ എന്നിവർ പരാജയമാണെന്ന് തിരുത്തൽവാദി നേതാക്കൾക്ക് അഭിപ്രായമുണ്ട്. രാഹുൽ ഗാന്ധിക്ക് വഴി കാട്ടുന്നതിൽ ഗുരുതര പിഴവുകൾ ഇവർക്ക് ഉണ്ടാകുന്നതായും അവർ കുറ്റപ്പെടുത്തുന്നു.
ഗുലാംനബി ആസാദുമായി നടത്തിയ കൂടിക്കാഴ്ചക്ക് പിന്നാലെ, രാജ്യസഭയിലെ കോൺഗ്രസ് ഉപനേതാവ് ആനന്ദ് ശർമ, ലോക്സഭാംഗം മനീഷ് തിവാരി തുടങ്ങിയവർ സോണിയയോട് പരാതി ആവർത്തിച്ചെന്നാണ് വിവരം. അഭിപ്രായ ഭിന്നതകൾ പരിഹരിച്ച് പാർട്ടി ശക്തിപ്പെടുത്താനുള്ള ശ്രമങ്ങളുടെ ഭാഗമാണ് സോണിയയുടെ അനുനയ ചർച്ചകൾ.
ജി-23 സംഘത്തിന്റെ അഭിപ്രായങ്ങൾ കേൾക്കാൻ തയാറാണെന്ന സന്ദേശം സോണിയ കൈമാറിയതിനെ തുടർന്നാണ് ചർച്ചകൾക്ക് വഴിയൊരുങ്ങിയത്. ജി-23 സംഘാംഗങ്ങളായ കൂടുതൽ പേരെ വരുംദിവസങ്ങളിൽ കണ്ടേക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.