ശ്രീനഗർ: മഹാത്മാഗാന്ധിക്ക് യൂനിവേഴ്‌സിറ്റി ബിരുദമൊന്നും ഉണ്ടായിരുന്നില്ലെന്നും അദ്ദേഹത്തിന് നിയമ ബിരുദമുണ്ടായിരുന്നുവെന്നത് തെറ്റിദ്ധാരണയാണെന്നും ജമ്മു കശ്മീർ ലഫ്.ഗവർണർ മനോജ് സിൻഹ. ഹൈസ്കൂൾ ഡിപ്ലോമ മാത്രമായിരുന്നു ഗാന്ധിജിയുടെ യോഗ്യതയെന്ന് സിൻഹ അവകാശപ്പെട്ടു.
"ഒരുപക്ഷേ കുറച്ച് ആളുകൾക്ക് ഇതിനെക്കുറിച്ച് അറിയാമായിരിക്കും. എന്നാൽ ധാരാളം ആളുകൾ, വിദ്യാസമ്പന്നർ പോലും വിചാരിക്കുന്നു, ഗാന്ധിജിക്ക് നിയമബിരുദം ഉണ്ടായിരുന്നുവെന്ന്. ഗാന്ധിജിക്ക് ബിരുദമില്ലായിരുന്നു. സ്റ്റേജിലുള്ള ചിലർക്കും വിപരീത വീക്ഷണമുണ്ടാകാം, പക്ഷേ ഞാൻ വസ്തുതകളെ അടിസ്ഥാനമാക്കിയാണ് സംസാരിക്കുന്നത്’’ -തെളിവുകളൊന്നും ഉദ്ധരിക്കാതെ സിൻഹ പറഞ്ഞു.
ഗ്വാളിയോറിൽ റാം മനോഹർ ലോഹ്യ സ്മാരക പ്രഭാഷണത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു സിൻഹ. ഗാന്ധിജിയുടെ ഏക യോഗ്യത ഹൈസ്കൂൾ ഡിപ്ലോമ മാത്രമാണെന്നും എന്നാൽ ഗാന്ധി വിദ്യാഭ്യാസം നേടിയിട്ടില്ലെന്ന് ആർക്കും പറയാനാകില്ലെന്നും സിൻഹ പറഞ്ഞു."ഗാന്ധിജി വിദ്യാസമ്പന്നനല്ലെന്ന് ആർക്കെങ്കിലും പറയാമോ. അങ്ങനെ പറയാൻ ആർക്കും ധൈര്യമുണ്ടെന്ന് ഞാൻ കരുതുന്നില്ല" -സിൻഹ പറഞ്ഞു.
"എന്നാൽ അദ്ദേഹത്തിന് ഒരു യൂനിവേഴ്‌സിറ്റി ബിരുദമോ യോഗ്യതയോ ഇല്ലായിരുന്നുവെന്ന് നിങ്ങൾക്കറിയാമോ. മഹാത്മാഗാന്ധിക്ക് നിയമബിരുദം ഉണ്ടായിരുന്നുവെന്ന് കരുതുന്നവർ നമ്മളിൽ പലരും ഉണ്ട്. ഇല്ല, അദ്ദേഹത്തിന് നിയമബിരുദം ഇല്ല. ഹൈസ്‌കൂൾ ഡിപ്ലോമ മാത്രമായിരുന്നു അദ്ദേഹത്തിന്റെ യോഗ്യത" -സിൻഹ പറഞ്ഞു. നിയമബിരുദം നേടാതെയാണ് ഗാന്ധി നിയമം പരിശീലിച്ചത് എന്നും മനോജ് സിൻഹ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.