ഹുബ്ബള്ളിയിലെ ഈദ്ഗാഹ് മൈതാനത്ത് ഗണേശ വിഗ്രഹം സ്ഥാപിച്ചു; ഒരുക്കങ്ങൾ തകൃതി

ചൊവ്വാഴ്ച അർധരാ​ത്രി ലഭിച്ച കോടതി അനുമതിയുടെ പിൻബലത്തിൽ ഹുബ്ബള്ളിയിലെ ഈദ്ഗാഹ് മൈതാനത്ത് ഗണേശോത്സവത്തിനുള്ള ഒരുക്കങ്ങൾ തകൃതിയായി. ബുധനാഴ്ച രാവിലെ തന്നെ ഇവിടെ ഗണേഷ വിഗ്രഹം സ്ഥാപിച്ചു. ഗണേഷ ചതുർഥിയുടെ ഭാഗമായി ഈദ്ഗാഹ് മൈതാനത്ത് മൂന്ന് ദിവസം നീളുന്ന ചടങ്ങുകൾക്കുള്ള ഒരുക്കങ്ങളാണ് നടക്കുന്നത്.

ധാർവാഡ് മുൻസിപ്പൽ കമീഷണറാണ് ഹുബ്ബള്ളിയിലെ ഈദ്ഗാഹ് മൈതാനത്ത് ഗണേശോത്സവത്തിന് നേര​​ത്തെ അനുമതി നൽകിയത്. ഇതിനെതിരെ അൻജുമാനെ ഇസ്‍ലാം കോടതിയെ സമീപിക്കുകയായിരുന്നു. ചാമരാജ്പേട്ട ഈദ്ഗാഹ് മൈതാനത്ത് ഗണേശോത്സവത്തിന് അനുമതി നൽകാതിരുന്ന സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിലായിരുന്നു അൻജുമാനെ ഇസ്‍ലാമിന്റെ നീക്കം. ചൊവ്വാഴ്ച രാത്രി 10ന് അടിയന്തിര പ്രാധാന്യത്തോടെ ഹരജി പരിഗണിച്ച ഹൈകോടതി രാത്രി 11.30 ഒാടെ ഹരജിക്കാരുടെ ആവശ്യം തള്ളുകയായിരുന്നു. ഹുബ്ബള്ളിയിലെ ഈദ്ഗാഹ് മൈതാനത്ത് ഗണേശോത്സവത്തിന് അനുമതി നൽകിയ ധാർവാഡ് മുൻസിപ്പൽ അധികൃതരുടെ നടപടി ​കോടതി ശരി​വെക്കുകയും ചെയ്തു.

ബുധനാഴ്ച രാവിലെ തന്നെ ഹുബ്ബള്ളി ഈദ്ഗാഹ് മൈതാനത്ത് ഗണേശോത്സവത്തിനുള്ള ഒരുക്കങ്ങൾ തുടങ്ങി. അടുത്ത മൂന്ന് ദിവസങ്ങളിൽ ഇവിടെ പരമ്പരാഗത രീതിയിലുള്ള പൂജകളും ചടങ്ങുകളും നടക്കുമെന്ന് ഉത്സവ സംഘാടക സമിതി കൺവീനർ ഗോവർധൻ റാവു പറഞ്ഞു. മൈതാനം നഗരസഭയുടേതാണെന്നും ഗണേശോത്സവം സംഘടിപ്പിക്കാൻ നഗരസഭ അനുവദിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - Ganesh idol installed at Eidgah ground in Hubbali

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.