ദീപാവലി വിപണി: പോക്കറ്റടിക്കാൻ മധ്യപ്രദേശിൽ നിന്ന് സ്ത്രീകളുടെ സംഘം

മുംബൈ: മഹാരാഷ്ട്രയിലെ പടിഞ്ഞാറൻ മലാദിലെ തിരക്കേറിയ ദീപാവലി കച്ചവടകേന്ദ്രമായ നടരാജ് മാർക്കെറ്റിൽ പോക്കറ്റടിക്കാരായ സ്ത്രീകളുടെ സംഘം. ഇതോടെ പൊലീസ് ജനങ്ങൾക്ക് ജാഗ്രതാ നിർദേശം നൽകി. പെൺകുട്ടികളും സ്ത്രീകളുമടങ്ങുന്നതാണ് സംഘമെന്നും ഇവർ മധ്യപ്രദേശിലെ ഉജ്ജയിനിൽ നിന്നുള്ളവരാണെന്നും മലാദ് പൊലീസ് അറിയിച്ചു. 15 പേരടങ്ങുന്ന സംഘത്തെ പൊലീസ് പിടികൂടി താക്കീത് നൽകി വിട്ടയച്ചു. ഇവരെ നിരീഷിച്ചുവരികയാണ്.

നടരാജ് മാർക്കറ്റിലെ ഒരു തുണിക്കടയിൽ നിന്ന് വസ്ത്രം മോഷ്ടിക്കുന്നതിനിടെ രണ്ടു പെൺകുട്ടികളെ പൊലീസ് പിടികൂടിയിരുന്നു. ഇവരെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിൽ മധ്യപ്രദേശിലെ ഉജ്ജയിനിൽ നിന്ന് സ്ത്രീകളും പെൺകുട്ടികളും അടങ്ങുന്ന ഒരു സംഘം ആളുകൾ നടരാജ് മാർക്കറ്റിൽ എത്തിയിട്ടുണ്ടെന്നും കടകളിൽ കയറിയുള്ള മോഷണവും പോക്കറ്റടിയുമാണ് ഇവരുടെ ലക്ഷ്യമെന്നും പൊലീസ് കണ്ടെത്തി. തുടർന്നാണ് ഇവരെ പിടികൂടി താക്കീത് നൽകി വിട്ടയക്കുന്നത്.

ജനങ്ങൾക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ടെന്നും മാർക്കറ്റിൽ 25 ഉദ്യാഗസ്ഥരെ മഫ്തിയിൽ നിയോഗിച്ചെന്നും മലാദ് പൊലീസ് സീനിയർ ഇൻസ്‌പെക്ടർ രവീന്ദ്ര ആദാനെ പറഞ്ഞു. പോക്കറ്റടി സൂക്ഷിക്കണമെന്ന് ചൂണ്ടിക്കാട്ടി മാർക്കറ്റിൽ ബാനറുകളും പോസ്റ്ററുകളും സ്ഥാപിച്ചെന്നും ഉച്ചഭാഷിണിയിലൂടെ ജനങ്ങൾക്ക് നിർദേശങ്ങൾ നൽകുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

2020ന് ശേഷം ആദ്യമായാണ് കോവിഡ് നിയന്ത്രണങ്ങൾ ഒന്നുമില്ലാതെ മുംബൈയിലെ ജനങ്ങൾ ദീപാവലി ആഘോഷിക്കാനൊരുങ്ങുന്നത്. മുൻവർഷങ്ങളെക്കാൾ ഇരട്ടി തിരക്കാണ് നടരാജ് മാർക്കറ്റിൽ അനുഭവപ്പെടുന്നത്. തിരക്ക് വർധിച്ചതോടെ പോക്കറ്റടിയും മോഷണവും വർധിച്ചു. 

Tags:    
News Summary - Gang of women pickpockets from Madhya Pradesh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.