ലഖ്നോ: കുറ്റവാളികളുടെയും അധോലോക നായകൻമാരുടെയും ചിത്രങ്ങൾ 'വാണ്ടഡ്' ലിസ്റ്റിൽ പ്രസിദ്ധീകരിച്ച് വരുന്നത് പതിവാണ്. എന്നാൽ ഉത്തർപ്രദേശിലെ കാൺപൂരിൽ അധോലോക നായകൻമാരായ ഛോട്ടോ രാജന്‍റെയും മുന്ന ബജ്രംഗിയുടെയും ചിത്രങ്ങൾ തപാൽ സ്റ്റാംപിൽ അച്ചടിച്ചു വന്നിരിക്കുകയാണ്.
പോസ്റ്റൽ വകുപ്പിന്‍റെ 'മൈ സ്റ്റാംപ്' പദ്ധതി പ്രകാരം വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും തങ്ങളുടെ ചിത്രങ്ങളും ചിഹ്നങ്ങളും പതിച്ച സ്റ്റാംപുകൾ തയാറാക്കാൻ അവസരമൊരുക്കുന്നുണ്ട്. മൈ സ്റ്റാംപ് പദ്ധതി പ്രകാരം 12 സ്റ്റാംപുകൾ അടങ്ങുന്ന ഒരു ഷീറ്റാണ് പ്രിന്‍റ് ചെയ്ത് നൽകുന്നത്. അഞ്ച് രൂപ വില വരുന്ന ഒരു സ്റ്റാംപിന്‍റെ ഷീറ്റിന് 300 രൂപയാണ് ഈടാക്കുന്നതെന്ന് പോസ്റ്റൽ വകുപ്പിന്‍റെ വെബ്സൈറ്റിൽ നൽകിയ വിവരങ്ങൾ വ്യക്തമാക്കുന്നു.
മതിയായ രേഖകൾ ഹാരജരാക്കുന്ന ഒരാൾക്ക് സ്വന്തം ചിത്രമുള്ള സ്റ്റാംപുകൾ സ്വന്തമാക്കാമെന്നും എന്നാൽ ഇതിനായി വ്യക്തി പോസ്റ്റ് ഓഫിസിലെത്തണമെന്നാണ് ചട്ടമെന്ന് കാൺപൂർ പോസ്റ്റ്മാസ്റ്റർ ജനറൽ ഇന്ത്യ ടുഡേയോട് പറഞ്ഞു. വെബ്കാമറയിൽ ഫോേട്ടാ എടുത്ത ശേഷമാണ് നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നത്.
മാധ്യമ സ്ഥാപനവുമായി ബന്ധപ്പെട്ട ഒരു വ്യക്തിയാണ് ഛോട്ടാ രാജന്‍റെയും (രാജേന്ദ്ര എസ്) മുന്ന ബജ്രംഗിയുടെയും (പ്രേം പ്രകാശ്) സ്റ്റാംപ് തയാറാക്കാനുള്ള അപേക്ഷ സമർപ്പിച്ചതെന്ന് വർമ പറഞ്ഞു. ഇരുവരുടെയും ചിത്രങ്ങൾ നൽകിയ ഇയാൾ സ്വന്തം തിരിച്ചറിയൽ രേഖകളാണ് പോസ്റ്റ് ഓഫിസിൽ സമർപിച്ചത്. പോസ്റ്റ്മാൻ ഇതേ കുറിച്ച് തിരക്കിയപ്പോൾ തനിക്ക് അറിയാവുന്നവരാണെന്നായിരുന്നു അയാളുടെ മറുപടി. തുടർന്ന് യാതൊരു അന്വേഷണവും നടത്താതെ പോസ്റ്റ്മാൻ സ്റ്റാംപ് പ്രിന്‍റ് ചെയ്ത് നൽകി.
അശ്രദ്ധ കാണിച്ച ക്ലർക്ക് രജനീഷ് ബാബുവിനെ പോസ്റ്റ് മാസ്റ്റർ ജനറൽ സസ്പെൻഡ് ചെയ്തു. മറ്റ് ആറ് ജീവനക്കാർക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.