വിശാഖപട്ടണം: വാതകം ചോർന്ന് 12 പേരുടെ മരണത്തിനിടയാക്കിയ എൽ.ജി പോളിമേഴ്്സ് കമ്പനി അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് ഗ്രാമവാസികൾ പ്രക്ഷോഭവുമായി രംഗത്ത്. മരിച്ച രണ്ടുപേരുടെ മൃതദേഹം കമ്പനി കവാടത്തിന് മുന്നിൽ കിടത്തിയായിരുന്നു ആർ.ആർ വെങ്കടപുരം ഗ്രാമവാസികളുടെ പ്രതിഷേധം. ചിലർ കമ്പനിക്കകത്തേക്ക് ഇരച്ചുകയറാനും ശ്രമിച്ചു. വാതക ചോർച്ചയുണ്ടായ സ്ഥലം ഡി.ജി.പി ഡി.ജി. സവാങ്ങിെൻറ നേതൃത്വത്തിൽ പരിശോധിക്കുന്നതിനിടെയാണ് പ്രതിഷേധം അരങ്ങേറിയത്.
പോസ്റ്റ്മോർട്ടത്തിനുശേഷം ശനിയാഴ്ച മോർച്ചറിയിൽനിന്ന് വിട്ടുകിട്ടിയ മൃതദേഹങ്ങൾ സംസ്കാരത്തിനായി ആംബുലൻസിൽ കൊണ്ടുവരുന്നവഴി കമ്പനിക്കു മുന്നിൽവെച്ച് സമരക്കാർ തടഞ്ഞു. തുടർന്ന് അതിൽനിന്ന് മൃതദേഹങ്ങൾ ഇറക്കി റോഡിൽ കിടത്തുകയായിരുന്നു. കമ്പനിയിൽനിന്ന് ചോർന്ന സ്റ്റൈറീൻ വാതകമാണ് 12 ഗ്രാമവാസികളുടെ ജീവനെടുത്തത്.
വ്യാഴാഴ്ചയുണ്ടായ വാതക ചോർച്ചയെ തുടർന്ന് വിശാഖപട്ടണത്തേക്ക് മാറ്റിപ്പാർപ്പിച്ച ഗ്രാമവാസികൾ ഇന്നലെ മുതൽ തിരിച്ചെത്തിത്തുടങ്ങി. പ്രദേശത്ത് സ്ഥിതി സാധാരണ നിലയിലായതായി സർക്കാർ അവകാശപ്പെട്ടു. ഡി.ജി.പി സവാങ്ങും ചീഫ് സെക്രട്ടറിയും നടത്തിയ പരിശോധനയെ തുടർന്നാണ് സർക്കാറിെൻറ വിശദീകരണം.
അതേസമയം, വാതക ചോർച്ചയിൽ 12 പേർ മരിക്കാനിടയായ സംഭവത്തിൽ എൽ.ജി പോളിമേഴ്സ് കമ്പനി മാപ്പപേക്ഷിച്ചു. ദക്ഷിണ കൊറിയ ആസ്ഥാനമായ ബഹുരാഷ്ട്ര കമ്പനിയായ എൽ.ജി കെമിക്കൽസിെൻറ ഉപകമ്പനിയാണ് എൽ.ജി പോളിമേഴ്സ്. മരിച്ചവരുടെ ആശ്രിതരുടെ സംരക്ഷണത്തിനായി പ്രത്യേക സമിതി രൂപവത്കരിച്ചതായി കമ്പനി അറിയിച്ചു. വാതക ചോർച്ച ദോഷകരമായി ബാധിച്ച എല്ലാവർക്കും ആവശ്യമായ സഹായം ഉറപ്പുവരുത്തുമെന്നും കമ്പനി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.