ന്യൂഡൽഹി: ബി.ജെ.പിയുമായി ചേർന്ന് നിതീഷ് കുമാർ സർക്കാർ രൂപവത്കരിച്ചശേഷം ബിഹാറിൽ മുസ്ലിംകൾക്കുനേരെ ഗോരക്ഷകരുടെ സംഘടിത ആക്രമണം അരങ്ങേറുന്നു. നേരത്തേ മറ്റു ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽനിന്ന് വ്യത്യസ്തമായി ആർ.ജെ.ഡി- കോൺഗ്രസ്- ജെ.ഡി (യു) ഭരണത്തിൽ ബിഹാർ ഗോരക്ഷകരുടെ ആക്രമണങ്ങളിൽനിന്ന് മുക്തമായിരുന്നു. എന്നാൽ, ബി.ജെ.പി-ജെ.ഡി-യു സർക്കാർ അധികാരമേറ്റ് ഒരുമാസം തികയുംമുമ്പു തന്നെ പശുവിെൻറ പേരിൽ മുസ്ലിംകൾക്കുനേരെ രണ്ടു തവണ അക്രമം അരങ്ങേറി. രണ്ടുസംഭവത്തിലും മുഖ്യമന്ത്രി പ്രതികരിച്ചിട്ടില്ല.
പടിഞ്ഞാറൻ ചമ്പാരനിലാണ് ഏറ്റവും ഒടുവിൽ അക്രമം അരങ്ങേറിയത്. ബീഫ് കഴിച്ചുവെന്നാരോപിച്ച് ആറ് മുസ്ലിം കുടുംബങ്ങൾക്കുനേരെയാണ് നൂറോളം പേരടങ്ങുന്ന വിശ്വഹിന്ദുപരിഷത്ത് പ്രവർത്തകർ അക്രമം നടത്തിയത്. അക്രമികളെ അറസ്റ്റ് ചെയ്യുന്നതിനുപകരം സ്ഥലത്ത് എത്തിയ പൊലീസ് വി.എച്ച്.പിക്കാരുടെ അടിയേറ്റവരെയാണ് കസ്റ്റഡിയിലെടുത്തത്. ദുമ്ര ഗ്രാമത്തിലെ ഷഹാബുദീെൻറ വീടിനുമുന്നിൽ വ്യാഴാഴ്ച വലിയ ദണ്ഡുകളുമായി ‘ഭാരത് മാതാ കീ ജയ്’ വിളിച്ച് എത്തിയ വി.എച്ച്.പിക്കാർ ഷഹാബുദീനെ ബീഫ് കഴിച്ചുവെന്ന് ആരോപിച്ച് തല്ലിചതക്കുകയായിരുന്നു. ഷഹാബുദീനും അയൽക്കാരും തലേദിവസം രാത്രി ഒരു പശുവിനെ കൊന്നുവെന്നും ആ പ്രദേശത്തുനിന്നുള്ള സംഘ്പരിവാറുകാർ അടങ്ങുന്ന സംഘം ആരോപിച്ചു. ഷഹാബുദീെൻറ അയൽവാസികൾ സംഭവം അറിഞ്ഞ് എത്തിയതോടെ അവരെയും ഒരു മുറിയിൽ അടച്ച് തല്ലിചതച്ചു. െപാലീസ് ഇടപെട്ടാണ് മർദനം അവസാനിപ്പിച്ചത്. പരിക്കേറ്റ നാലുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഷഹാബുദീെൻറ വീട്ടിൽനിന്ന് ബീഫ് കണ്ടെത്തിയിരുന്നുമില്ല. എന്നാൽ, അക്രമികൾക്ക് എതിരെ നടപടി എടുക്കുന്നതിനുപകരം, കുദൂസ് ഖുറൈശി, നസ്റുദ്ദീൻ മിയാൻ, മുസ്തഫ മിയാൻ, ജഹാംഗീർ മിയാൻ, അസ്ലം അൻസാരി, ബബ്ലു മിയാൻ, റിസ്വാൻ മിയാൻ എന്നീ ന്യൂനപക്ഷ വിഭാഗത്തിൽപെട്ട ഏഴു പേരെ അറസ്റ്റ് ചെയ്യുകയാണുണ്ടായത്. രജദേവ് ഷാ എന്നയാൾ തെൻറ പശുക്കിടാവിനെ കാണാനില്ലെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ് എന്നാണ് പൊലീസ് പറയുന്നത്. മാത്രമല്ല, ഭൂരിപക്ഷ സമുദായത്തിെൻറ വികാരം വ്രണപ്പെടുത്തിയെന്നുമാണ് സ്റ്റേഷൻ ഹൗസ് ഒാഫിസർ പറഞ്ഞത്. ആഗസ്റ്റ് മൂന്നിനാണ് ഇതിന് മുമ്പ് പശു സംരക്ഷകരുടെ അക്രമം നടന്നത്. ഭോജ്പുർ ജില്ലയിൽ പശുക്കളെ കടത്തുന്നുവെന്നാരോപിച്ച് മൂന്നു പേരെ പരസ്യമായി അന്ന് മർദിക്കുകയായിരുന്നു. ആ സംഭവത്തിലും അക്രമികൾക്ക് എതിരെ നടപടിയൊന്നും എടുത്തില്ല. ബീഫ് കഴിക്കുന്നത് നിരോധിച്ചിട്ടില്ലാത്ത സംസ്ഥാനമാണ് ബിഹാർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.