മുംബൈ: ഗൗരി ലേങ്കഷ് കൊലക്കേസിലെ പ്രതികളായ രാജേഷ് ദിഗവേക്കർ, അമിത് ഭംഗേര എന്നിവരെ ദാഭോൽകർ കേസിലും അറസ്റ്റ്ചെയ്തു. കർണാടക പൊലീസ് കൈമാറിയ പ്രതികളെ ദാഭോൽകർ കേസ് അന്വേഷിക്കുന്ന സി.ബി.െഎ സംഘം ശനിയാഴ്ച പുണെ കോടതിയിൽ ഹാജരാക്കി. ഇരുവരെയും കോടതി അടുത്ത 10 വരെ സി.ബി.െഎ കസ്റ്റഡിയിൽ വിട്ടു. നേരത്തേ അറസ്റ്റിലായ ഷൂട്ടർ സച്ചിൻ അന്ദുരെയെ 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.
ദാഭോൽകർക്കു നേരെ നിറയൊഴിച്ച ഷൂട്ടർമാരായ സച്ചിൻ അന്ദുരെ, ശരദ് കലസ്കർ എന്നിവർക്ക് ആയുധ പരിശീലനം നൽകിയത് രാജേഷ് ദിഗവേക്കർ ആണെന്നാണ് സി.ബി.െഎയുടെ കണ്ടെത്തൽ. കർണാടക-മഹാരാഷ്ട്ര അതിർത്തി പ്രദേശങ്ങളിൽ വെച്ചാണ് പരിശീലനം നൽകിയത്. അമിത് ഭംഗേരക്ക് നേരത്തേ അറസ്റ്റിലായ ഇ.എൻ.ടി ഡോക്ടർ വീരന്ദ്ര സിങ് താവ്ഡെക്കൊപ്പം വധഗൂഢാലോചനയിൽ പങ്കുണ്ടെന്നാണ് സി.ബി.െഎ കണ്ടെത്തിയത്.
ഗൗരി ലേങ്കഷ് കേസിൽ അറസ്റ്റിലായ അമൊൽ കാലെ, സ്ഫോടന ആസൂത്രണത്തിൽ അറസ്റ്റിലായ ശരദ് കലസ്കർ എന്നിവരുടെ കസ്റ്റഡിയും ആവശ്യമാണെന്ന് സി.ബി.െഎ വൃത്തങ്ങൾ പറഞ്ഞു. കലസ്കറുടെ കസ്റ്റഡി ആവശ്യപ്പെട്ട് സി.ബി.െഎ മുംബൈ കോടതിയെ സമീപിച്ചിരുന്നു. നിലവിൽ എ.ടി.എസിെൻറ കസ്റ്റഡിയിലായതിനാൽ സി.ബി.െഎയുടെ അപേക്ഷ കോടതി തള്ളുകയായിരുന്നു.
2013 ആഗസ്റ്റ് 20ന് പ്രഭാതസവാരിക്കിടെയാണ് ദാഭോൽകറെ വെടിവെച്ചു കൊന്നത്. അഞ്ചു വർഷത്തിനുശേഷം ബംഗളൂരുവിലെ വസതിക്കു മുന്നിൽ ഗൗരി ലേങ്കഷിനെയും വെടിവെച്ച് കൊല്ലുകയായിരുന്നു. ഇരു കൊലപാതകത്തിനും ഒരേ തോക്കാണ് ഉപയോഗിച്ചതെന്നാണ് സി.ബി.െഎയുടെ കണ്ടെത്തൽ. അമൊൽ കാലെയാണ് തോക്ക് നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.