ഗൗരി ലങ്കേഷ് വധം: ഏഴ് വർഷത്തിന് ശേഷവും എവിടെയുമെത്താതെ വിചാരണ

ന്യൂഡൽഹി: മുതിർന്ന മാധ്യമപ്രവർത്തക ഗൗരി ലങ്കേഷ് കൊല്ലപ്പെട്ട് ഏഴു വർഷം പിന്നിട്ടിട്ടും എവിടെയുമെത്താതെ കേസിലെ നടപടികൾ. കാര്യങ്ങൾ ഇഴഞ്ഞുനീങ്ങുന്നതിനിടെയാണ് വധക്കേസി​ന്‍റെ വിചാരണ വേഗത്തിലാക്കാൻ ആഗസ്റ്റ് 20ന് സുപ്രീംകോടതി ബംഗളൂരുവിലെ കോടതിയോട് ഉത്തരവിട്ടത്. സുപ്രീംകോടതിയുടെ ഉത്തരവ് പാലിക്കാൻ ഓരോ മാസവും കുറഞ്ഞത് രണ്ടാഴ്ചയെങ്കിലും വിചാരണ നടത്തണമെന്നാണ് പ്രോസിക്യൂഷൻ ആവശ്യം. ‘ഉത്തരവി​ന്‍റെ വെളിച്ചത്തിൽ നിലവിൽ കേസ് നടക്കുന്ന പ്രത്യേക കർണാടക കൺട്രോൾ ഓഫ് ഓർഗനൈസ്ഡ് ക്രൈംസ് ആക്ട് കോടതിയിൽ വിചാരണ വേഗത്തിലാക്കാം. എല്ലാ മാസവും ഒരാഴ്‌ച തെളിവെടുപ്പ് നടത്തുന്ന പതിവിനുപകരം രണ്ടാഴ്‌ച വിചാരണ നടത്താമെന്നും’ സ്റ്റേറ്റ് പ്രോസിക്യൂഷൻ വൃത്തങ്ങൾ പറഞ്ഞു. വിചാരണ പുനരാരംഭിക്കുമ്പോൾ കൂടുതൽ തവണ വാദം കേൾക്കുന്നതിനായി ട്രയൽ കോടതിയെ സമീപിക്കുമെന്ന് കേസ് അന്വേഷിക്കുന്ന കർണാടക പൊലീസി​ന്‍റെ പ്രത്യേക അന്വേഷണ സംഘം അറിയിച്ചു.

ഹിന്ദുത്വയുടെ കടുത്ത വിമർശകനായിരുന്ന ഗൗരി ലങ്കേഷ് കൊല്ലപ്പെട്ടിട്ട് വ്യാഴാഴ്ചത്തേക്ക് ഏഴ് വർഷം പൂർത്തിയായി. 2017 സെപ്തംബർ അഞ്ചിന് രാജരാജേശ്വരി നഗറിലെ വീടിനു മുന്നിലാണ് ഹിന്ദുത്വ ഭീകരർ ഗൗരിയെ വെടിവെച്ചു കൊന്നത്. 2022ലാണ് കേസിലെ വിചാരണ ആരംഭിച്ചത്. 527 സാക്ഷികളിൽ 137 പേരെ മാത്രമാണ് ഇതുവരെ വിസ്തരിച്ചത്. നിരവധി സാക്ഷികളെ ഒഴിവാക്കി. 150 പേരെ ഒഴിവാക്കാൻ സാധ്യതയുണ്ടെന്നും ഇനിയുള്ള വിചാരണയിൽ 100 ​​സാക്ഷികളെ മാത്രമേ വിസ്തരിക്കാനുള്ളൂവെന്നും കർണാടകക്കു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ സുപ്രീംകോടതിയെ അറിയിച്ചു.

ഹൈകോടതി പാസാക്കിയ കുറ്റകരമായ ഉത്തരവുകളിൽ ഇടപെടാൻ ആഗ്രഹിക്കുന്നില്ല. എന്നിരുന്നാലും, വേഗത്തിൽ വിചാരണ നടത്തണമെന്നും എല്ലാ കക്ഷികളും വിചാരണ കോടതിയുമായി സഹകരിക്കണമെന്നും നിർദേശം നൽകുന്നതായും ജസ്റ്റിസ് ബേല ത്രിവേദിയും ജസ്റ്റിസ് സതീഷ് ചന്ദ്ര ശർമ്മയും അടങ്ങുന്ന സുപ്രീം കോടതി ബെഞ്ച് പറയുകയുണ്ടായി.

2023 ഡിസംബറിൽ പ്രതിദിന വിചാരണ നടപടികൾക്കായി പ്രത്യേക കോടതി സ്ഥാപിക്കണമെന്ന് കേസ് അന്വേഷിക്കുന്ന എസ്.ഐ.ടി അഭ്യർത്ഥിച്ചെങ്കിലും അഭ്യർഥന ഇപ്പോഴും കർണാടക ഹൈകോടതിയിൽ കെട്ടിക്കിടക്കുകയാണ്. മുഖ്യ ആസൂത്രകനായ അമോൽ കാലെ, രണ്ടാം പ്രതിയും കൊലയാളിയുമായ പരശുറാം വാഗ്മർ, മോഹൻ നായക് എന്നിവർ ഉൾപ്പെടെ 18 പ്രതികളാണ് കേസിലുള്ളത്. തീവ്ര ഹിന്ദുത്വ സംഘടനകളായ സനാതൻ സൻസ്ത, ശ്രീരാമസേന, ഹിന്ദു ജനജാകൃതി സമിതി, ഹിന്ദു യുവസേന എന്നിവയുടെ പ്രവർത്തകരാണിവർ. പുരോഗമനവാദികളായ പ്രഫ.എം.എം.കൽബുർഗി, നരേന്ദ്ര ധബോൽക്കർ, ഗോവിന്ദ് പൻസാരെ എന്നിവരുടെ വധക്കേസുകളിലും ഇവരിൽ പലരും പ്രതികളാണ്.

പ്രോസിക്യൂഷൻ ഏറെക്കുറെ കർശനമായ രീതിയിലാണ് വിചാരണ നടത്തിയ​തെങ്കിലും വിചാരണ വൈകുന്നത് മുതലെടുത്ത് കേസിലെ നിരവധി പ്രതികൾ ഇതിനകം ജാമ്യം നേടി. കൊലപാതകത്തിന് ലോജിസ്റ്റിക് പിന്തുണ നൽകിയതിന് അറസ്റ്റിലായ പ്രധാന പ്രതിയുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കർണാടക സർക്കാരും ഗൗരി ലങ്കേഷി​ന്‍റെ സഹോദരി കവിത ലങ്കേഷും സമർപ്പിച്ച രണ്ട് വ്യത്യസ്ത ഹരജികൾ ആഗസ്റ്റ് 20ന് സുപ്രീം കോടതി തള്ളുകയുണ്ടായി. 2023ൽ മോഹൻ നായക്കിന് ജാമ്യം അനുവദിച്ചതിനു പിന്നാലെ വിചാരണ വൈകുന്നതി​ന്‍റെ പേരിൽ കർണാടക ഹൈക്കോടതി മൂന്ന് പ്രതികൾക്ക് കൂടി ജാമ്യം നൽകി.

Tags:    
News Summary - Gauri Lankesh murder: Seven years on, prosecution to cite Supreme Court order to speed up trial

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.