ബൊംബാർഡിയർ സി.ഇ.ഒ എറിക് മാർട്ടലുമായി ഗൗതം അദാനി കൂടിക്കാഴ്ച നടത്തിയപ്പോൾ


ബൊംബാർഡിയർ വിമാനക്കമ്പനിയുമായി ചർച്ച നടത്തി അദാനി; ശക്തമായ സ്വാശ്രയ ഇന്ത്യക്കു​​വേണ്ടിയെന്ന്

അഹമ്മദാബാദ്: ​​വ്യോമയാന രംഗത്ത് കൂടുതൽ വലവിരിക്കാനൊരുങ്ങി ഇന്ത്യൻ ശതകോടീശ്വരൻ ഗൗതം അദാനി. അദാനി ഗ്രൂപ്പ് സ്ഥാപകനും ചെയർമാനുമായ അദാനി കനേഡിയൻ വിമാനക്കമ്പനിയായ ‘ബൊംബാർഡിയറി’​ന്‍റെ ചീഫ് എക്സിക്യൂട്ടിവ് എറിക് മാർട്ടലുമായി കൂടിക്കാഴ്ച നടത്തി വിമാന സർവിസുകളിലും പ്രതിരോധ മേഖലയിലും പങ്കാളിത്തം ചർച്ച ചെയ്തു.

‘ഇന്ത്യയുടെ വ്യോമയാന വളർച്ചക്ക് കരുത്ത് പകരുന്നു! എയർക്രാഫ്റ്റ് സർവിസസ്, പരിചരണം, അറ്റക്കുറ്റപ്പണികൾ, പ്രതിരോധം എന്നിവയിലെ പങ്കാളിത്തത്തെക്കുറിച്ച് ബൊംബാർഡിയർ ചീഫ് എക്സിക്യൂട്ടിവ് എറിക് മാർട്ടലുമായിമായി ഒരു മികച്ച ചർച്ച നടത്തി. ശക്തമായ, സ്വാശ്രയ ഇന്ത്യക്കായി ഞങ്ങൾ ഒരുമിച്ച് പ്രവർത്തിക്കുകയാണ്’ എന്ന് അദാനി എക്സിലെ പോസ്റ്റിൽ പറഞ്ഞു. ചൊവ്വാഴ്ച നടന്ന കൂടിക്കാഴ്ചയുടെ വിശദാംശങ്ങൾ വെളിപ്പെടുത്തിയില്ല.

അദാനിക്കെതിരായ ഹിൻഡൻബർഗ് റിപ്പോർട്ടുകളിൽ കോൺഗ്രസ് ഗുരുതരമായ ആരോപണങ്ങൾ ഉന്നയിക്കുമ്പോഴും കമ്പനിയുടെ പ്രവർത്തനങ്ങൾ രാജ്യത്തിനു പുറത്തേക്കും കൂടുതൽ വികസിക്കുകയാണ്. അദാനിയുടെ പോർട്ട്-ടു-എനർജി കമ്പനി ഇന്ത്യക്കകത്ത് ഏഴ് വിമാനത്താവളങ്ങൾ പ്രവർത്തിപ്പിക്കുന്നുണ്ട്.

കനേഡിയൻ ബിസിനസ് ജെറ്റ് നിർമാതാവാണ് വ്യോമയാന രംഗത്തെ അതികായൻമാരിലൊരാളായ ബൊംബാർഡിയർ. കാനഡയിലെ ഗ്രേറ്റർ മോൺട്രിയൽ ആസ്ഥാനമായി പ്രവർത്തിക്കുന്ന ബൊംബാർഡിയർ നിർമാണത്തിനു പുറമെ ഡിസൈനിംഗ്, സേവനം എന്നീ രംഗങ്ങളിലുമുണ്ട്. ഗവൺമെന്‍റ്, മിലിട്ടറി സ്പെഷ്യൽ മിഷൻ റോളുകളിൽ ബൊംബാർഡിയർ വിമാനങ്ങൾക്ക് ലോകമെമ്പാടും സ്വീകാര്യതയുണ്ട്. ഇരു കമ്പനികളും തമ്മിലുള്ള സമന്വയം പ്രയോജനപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള നിർണായക ചർച്ചകൾ എടുത്തുകാണിച്ച അദാനി ഇന്ത്യ കൂടുതൽ ശ്രദ്ധ ചെലുത്തുന്ന മേഖലയായ വിമാന സർവിസുകളിലെ പുരോഗതിക്ക് ഈ സഹകരണം വഴിയൊരുക്കുമെന്ന് പ്രതീക്ഷിക്കുന്നതായും പറഞ്ഞു.

Tags:    
News Summary - Gautam Adani Meets Bombardier CEO Éric Martel to Boost India’s Aviation Sector

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.