ജർമൻ ചാൻസലർ ഷോൾസ് ഇന്ത്യയിൽ

ന്യൂഡൽഹി: ജർമൻ ചാൻസലർ ഒലാഫ് ഷോൾസ് മൂന്ന് ദിവസത്തെ സന്ദർശനത്തിനായി ഇന്ത്യയിൽ. വ്യാഴാഴ്ച രാത്രിയെത്തിയ ഷോൾസ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം ഇന്ത്യ -ജർമൻ കൂടിയാലോചന യോഗത്തിൽ സംബന്ധിക്കും. വെള്ളിയാഴ്ച രാവിലെ 10ന് നരേന്ദ്ര മോദിയുമായി ലോക് കല്യാൺ മാർഗിലെ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ കൂടിക്കാഴ്ച നടത്തും. പ്രതിരോധ, സുരക്ഷ, സാമ്പത്തിക, സുസ്ഥിര വികസന, തന്ത്രപ്രധാന സാങ്കേതികവിദ്യ മേഖലകളിൽ സഹകരണം മെച്ചപ്പെടുത്താനുള്ള ചർച്ചകൾ ഇരു രാജ്യങ്ങൾക്കുമിടയിൽ നടക്കും. ആഭ്യന്തര, അന്തർദേശീയ സംഭവവികാസങ്ങളും ചർച്ചയിൽ വരും.

രാവിലെ 11ന് ഹോട്ടൽ താജ് പാലസിൽ ഇന്ത്യ ആതിഥ്യം വഹിക്കുന്ന ‘ഏഷ്യാ പസഫിക് കോൺഫറൻസ് ഓഫ് ജർമൻ ബിസിനസ്’ (എ.പി.കെ) ഷോൾസ് ഉദ്ഘാടനംചെയ്യും. ജർമനിയിലെയും ഇന്തോ പസഫിക് രാജ്യങ്ങളിലെയും വ്യവസായികൾ, എക്സിക്യൂട്ടിവുകൾ, രാഷ്ട്രീയ പ്രതിനിധികൾ എന്നിവരുടെ ദ്വിവർഷ സംഗമമായ എ.പി.കെയിൽ മോദിയും പ​ങ്കെടുക്കും.

തുടർന്ന് 11.50ന് ഏഴാമത് ഇന്ത്യ -ജർമൻ അന്തർ സർക്കാർ കൂടിയാലോചനക്കായി മോദിയും ഷോൾസും ഹൈദരാബാദ് ഹൗസിലെത്തും. ഇരു രാജ്യങ്ങളും തമ്മിലുള്ള കരാറുകളുടെ കൈമാറ്റവും സംയുക്ത പ്രസ്താവനയും അവിടെ നടക്കും. ശനിയാഴ്ച രാവിലെ 10.25ന് ഗോവയിലേക്ക് തിരിക്കുന്ന ഷോൾസ് അവിടെനിന്ന് ജർമനിയിലേക്ക് മടങ്ങും.

2023 ഫെബ്രുവരിയിൽ ഉഭയകക്ഷി ചർച്ചകൾക്കും 2023 സെപ്റ്റംബറിൽ ജി 20 ഉച്ചകോടിക്കുമായി ഷോൾസ് രണ്ടുതവണ ഇന്ത്യയിലെത്തിയിരുന്നു. സുസ്ഥിര വികസനം, പുനരുപയോഗ ഊർജം, പരിസ്ഥിതി സംരക്ഷണം, കാലാവസ്ഥാ പ്രതിരോധം, സുസ്ഥിര നഗരവികസനം, സ്മാർട്ട് സിറ്റികൾ എന്നിവ കേന്ദ്രീകരിച്ച് ഇന്ത്യയും ജർമനിയും തമ്മിൽ വർഷങ്ങളായി സഹകരിച്ച് പ്രവർത്തിക്കുന്നുണ്ട്.

Tags:    
News Summary - German Chancellor Sholes in India

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.