ഡൽഹി: ഡൽഹി-യു.പി അതിർത്തിയായ ഗാസിപൂരിലെ കർഷക സമരക്കാരെ ഒഴിപ്പിക്കാൻ വൈദ്യുതിയും ജലവിതരണവും വിച്ഛേദിച്ച നടപടിക്കുശേഷം അതിർത്തി അടച്ച് യു.പി സര്‍ക്കാര്‍. എൻഎച്ച് 24, എൻഎച്ച് 9, റോഡ് നമ്പർ 56, 57 എ, കോണ്ട്ലി, പേപ്പർ മാർക്കറ്റ്, അക്ഷർധാം, നിസാമുദ്ദീൻ ഖട്ട എന്നിവിടങ്ങളിൽ നിന്ന് ഗതാഗതം തിരിച്ചുവിട്ടതായി എ.എൻ.ഐ റിപ്പോർട്ട് ചെയ്തു. സർക്കാർ വെള്ളം തടഞ്ഞാൽ തങ്ങളുടെ ഗ്രാമങ്ങളിൽനിന്ന് വെള്ളമെത്തിക്കുമെന്ന് ഭാരതീയ കിസാൻ യൂനിയൻ നേതാവ് രാകേഷ് ടിക്കായത് നേരത്തേ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
കർഷകദ്രോഹ നിയമങ്ങൾ പിൻവലിക്കുംവരെ സമരം തുടരുമെന്നും സർക്കാറുമായി ചർച്ച നടക്കുന്നതുവരെ ഗാസിപൂരിലെ സമരവേദി ഉപേക്ഷിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഗാസിപൂരിലെ സമരക്കാരെ ഇന്ന് തന്നെ ഒഴിപ്പിക്കാനുള്ള ഒരുക്കത്തിലാണ് യു.പി. സര്‍ക്കാര്‍. 15 മിനിറ്റിനുള്ളില്‍ സമരകേന്ദ്രം ഒഴിയണമെന്ന് പൊലീസ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ നിര്‍ദേശം തള്ളിയ കര്‍ഷകര്‍, ഗുണ്ടായിസം നടക്കില്ലെന്ന് അധികൃതരോട് പറഞ്ഞു. സമരസ്ഥലത്ത് കൂടുതൽ പൊലീസിനേയും അര്‍ധ സൈനികരെയും വിന്യസിച്ചിട്ടണ്ട്. പ്രദേശത്തെ സി.സി.ടി.വി കാമറകള്‍ പൊലീസ് നീക്കം ചെയ്തു. നേരത്തെ സിംഘുവില്‍ സമരം ചെയ്യുന്ന കര്‍ഷകര്‍ക്കെതിരേ ഒരുവിഭാഗം ദേശീയപതാകയുമേന്തി മാര്‍ച്ച് നടത്തിയിരുന്നു.
വ്യാഴാഴ്ച ഉച്ചയോടെയാണ് നാട്ടുകാരാണെന്ന് അവകാശപ്പെട്ട ഒരുകൂട്ടം പ്രകടനം നടത്തിയത്. നവംബർ 26ന് കർഷകർ പ്രതിഷേധം ആരംഭിച്ചതുമുതൽ ഗാസിപൂർ അതിർത്തി അടച്ചിട്ടിരിക്കുകയാണ്. റിപബ്ലിക്ദിനമായ ചൊവ്വാഴ്ച കർഷകർ ബാരിക്കേഡുകൾ തകർത്ത് ട്രാക്ടർ റാലി നടത്തിയിരുന്നു. റാലിക്കിടെ പലയിടത്തും സംഘർഷവുമുണ്ടായി. പൊലീസ് കർഷകരെ തടഞ്ഞതായിരുന്നു സംഘർഷത്തിന്‍റെ തുടക്കം. കർഷകരിൽ ഒരു സംഘം ചെങ്കോട്ടയിലെത്തുകയും കൊടി ഉയർത്തുകയും ചെയ്തിരുന്നു.
റിപബ്ലിക് ദിനത്തിലുണ്ടായ അതിക്രമത്തിൽ പൊലീസിൽ കീഴടങ്ങില്ലെന്ന് ഭാരത് കിസാൻ യൂനിയൻ വക്താവ് രാകേഷ് ടാക്കായത് പറഞ്ഞു. 'കീഴടങ്ങില്ല. വ്യത്യസ്തമായ സാഹചര്യം സൃഷ്ടിക്കാനാണ് ബി.ജെ.പിയുടെ ആഗ്രഹം. ചെങ്കോട്ട സംഭവത്തിൽ ഉത്തരവാദികളായവരുടെ ഫോൺ വിളി വിവരങ്ങൾ അടക്കം പുറത്തുവരണം. ആവശ്യമെങ്കിൽ കൂടുതൽ ഗ്രാമവാസികൾ പ്രക്ഷോഭ സ്ഥലത്തെത്തും. രാജ്യത്തിന് മുമ്പിൽ ദീപ് സിദ്ധുവിന്‍റെ പങ്ക് പുറത്തുവരണം. സുപ്രീംകോടതി കമ്മിറ്റി ഇത് അന്വേഷിക്കണം' -രാകേഷ് ടിക്കായത്ത് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.