ന്യൂഡൽഹി: രാഷ്ട്രീയത്തിൽനിന്ന് വിരമിച്ച് സാമൂഹിക സേവനത്തിൽ കൂടുതൽ സജീവമായി ഇടപെടാൻ ആഗ്രഹമുണ്ടെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ്. പ്രയാസകരമായ ഘട്ടത്തില്‍ സിവിൽ സമൂഹത്തിന് പ്രധാന പങ്ക് വഹിക്കാനുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജമ്മു-കശ്മീരിൽ നടന്ന പൊതുപരിപാടിയിൽ സംസാരിക്കുകയായിരുന്നു ഗുലാം നബി. കോൺഗ്രസിൽ വിമത ശബ്ദ ഉയർത്തുന്നതിനിടെയാണ് രാഷ്ട്രീയം വിടാനുള്ള സൂചന നൽകി ആസാദ് സംസാരിക്കുന്നത്.
നമ്മൾ മനുഷ്യരാണോ എന്ന് ചിലപ്പോൾ സംശയിക്കേണ്ട തരത്തിൽ ഇന്ത്യയിലെ രാഷ്ട്രീയം വളരെ വൃത്തികെട്ടതായി മാറിയിരിക്കുന്നു. സമൂഹത്തില്‍ മാറ്റം കൊണ്ടുവരേണ്ടതുണ്ട്. ഒട്ടുമിക്ക തിന്മകൾക്കും ഉത്തരവാദികൾ രാഷ്ട്രീയ പാർട്ടികൾ ആയതിനാൽ അവർക്ക് മാറ്റം കൊണ്ടുവരാനാകുമെന്നതിൽ സംശയമുണ്ട്. രാഷ്ട്രീയ പാർട്ടികൾ മതത്തിന്റേയോ രാഷ്ട്രീയത്തിന്റെയോ പേരിൽ ജനങ്ങളെ ഭിന്നിപ്പിച്ചുകൊണ്ടിരിക്കും. നമ്മൾ ആദ്യം മനുഷ്യനാണ് ആവേണ്ടത്. പിന്നെയാണ് ഹിന്ദുവോ, മുസ്ലിമോ ആവേണ്ടതെന്നും ഗുലാം നബി പറഞ്ഞു.
തീവ്രവാദം ജമ്മു-കശ്മീരിലെ ജീവിതം തകർത്തു. കശ്മീരി പണ്ഡിറ്റുകളായാലും കശ്മീരി മുസ്ലിംകളായാലും തീവ്രവാദികളാൽ കൊല്ലപ്പെടുകയും നിരവധി പേർ വിധവകളാവുകയും ചെയ്തു. മേഖലയിലെ എല്ലാ വിഭാഗം ജനങ്ങളും തീവ്രവാദികളിൽനിന്നും ദുരിതം അനുഭവിക്കുന്നതിനാൽ നഷ്ടങ്ങൾക്ക് മതത്തിന്റെ നിറം നൽകുന്നത് തെറ്റാണെന്നും 'കശ്മീർ ഫയൽസ്' വിമർശിച്ച് അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.