ശ്രീനഗർ: സുപ്രീംകോടതിയുടെ അനുമതിയോടെ, മുതിർന്ന കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ് ജമ്മുകശ്മീരിലെത്തി. ഞായറാഴ്ച അനന്ത് നാഗ് സന്ദർശിച്ചു. ജയിലായി പ്രഖ്യാപിച്ച ഡാക് ബംഗ്ലാവിൽ വെച്ചാണ് നാട്ടുകാരെ കാണാൻ നിശ്ചയിച്ചിര ുന്നതെങ്കിലും അധികൃതർ അനുവാദം നൽകിയില്ലെന്ന് കോൺഗ്രസ് നേതാക്കൾ കുറ്റപ്പെടുത്തി. വെള്ളിയാഴ്ച തന്നെ കാണാ നെത്തിയവരെ സുരക്ഷ ഉദ്യോഗസ്ഥർ അനുവദിച്ചില്ലെന്ന് ഗുലാംനബി ആസാദ് ആരോപിച്ചിരുന്നു. ദക്ഷിണ കശ്മീരിലെ ഗവ. ഹൗസിങ് കോളനിയിൽവെച്ച് രാവിലെ 11 മുതൽ വൈകീട്ട് മൂന്നുവരെ നാട്ടുകാരുമായി കൂടിക്കാഴ്ച നടത്തി.
ശ്രീനഗറിലെ ലാൽ ദെഡ് ആശുപത്രിയിലെ രോഗികളുമായും വിനോദ സഞ്ചാര കേന്ദ്രത്തിലെ കശ്മീർ ഹൗസ് ബോട്ട് ഉടമകളുമായും അദ്ദേഹം സംസാരിച്ചു.തിങ്കളാഴ്ച ബാരാമുല്ല സന്ദർശിക്കും. ശ്രീനഗർ, ജമ്മു, ബാരാമുല്ല, അനന്ത്നാഗ് എന്നീ ജില്ലകൾ സന്ദർശിക്കാനുള്ള അനുവാദമാണ് ജമ്മു-കശ്മീർ മുൻ മുഖ്യമന്ത്രിയും രാജ്യസഭ പ്രതിപക്ഷനേതാവുമായ ആസാദിന് ലഭിച്ചത്. കശ്മീരിെൻറ പ്രത്യേക പദവി എടുത്തുകളഞ്ഞ ശേഷം മൂന്നുതവണ ശ്രീനഗറിലെത്തിയ ആസാദിനെ വിമാനത്താവളത്തിൽ വെച്ച് തിരിച്ചയച്ചിരുന്നു.
ശ്രീനഗറിൽ കച്ചവടകേന്ദ്രങ്ങൾ അടഞ്ഞുതന്നെ; ആഴ്ചച്ചന്തയൊരുക്കി വ്യാപാരികൾ ശ്രീനഗർ: പ്രധാന കച്ചവട കേന്ദ്രങ്ങളും വ്യവസായ സ്ഥാപനങ്ങളും അടഞ്ഞുകിടക്കുന്നതിനാൽ അവശ്യസാധനങ്ങൾ ജനങ്ങൾക്ക് ലഭ്യമാക്കാൻ വിപുലമായ ഞായറാഴ്ച ചന്തയൊരുക്കി ശ്രീനഗറിലെ വ്യാപാരികൾ. 370ാം വകുപ്പ് എടുത്തുമാറ്റിയതിനെ തുടർന്ന് 49ാമത്തെ ദിവസമാണ് കശ്മീരിൽ മാർക്കറ്റുകൾ അടഞ്ഞുകിടക്കുന്നത്. താഴ്വരയുടെ ഭൂരിഭാഗം നിരത്തുകളിലും പൊതുഗതാഗതം ആരംഭിച്ചിട്ടില്ല. സ്വകാര്യ കാറുകളും ചില യാത്രാ ടാക്സികളും മാത്രമാണ് സർവിസ് നടത്തുന്നതെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. സ്കൂളുകൾ തുറന്നുപ്രവർത്തിപ്പിക്കാനുള്ള സംസ്ഥാന സർക്കാറിെൻറ ശ്രമം പ്രതീക്ഷിച്ച ഫലം കണ്ടില്ല. ലാൻഡ് ഫോൺ സേവനങ്ങൾ സംസ്ഥാനത്തുടനീളം പുനഃസ്ഥാപിച്ചതായി പറയുന്നുണ്ടെങ്കിലും മൊബൈൽ ഫോൺ, ഇൻറർനെറ്റ് സേവനങ്ങൾ ആഗസ്റ്റ് അഞ്ചുമുതൽ നിലച്ചത് പുനഃസ്ഥാപിച്ചില്ല. മുൻ മുഖ്യമന്ത്രിമാരായ മഹ്ബൂബ മുഫ്തിയും ഉമർ അബ്ദുല്ലയും വിഘടനവാദി നേതാക്കളും തടങ്കലിൽ തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.