ലഖ്നോ: പ്രണയബന്ധത്തിന് പിന്നാലെ കാമുകനും സുഹൃത്തുക്കളും ഭീഷണിപ്പെടത്തിയ പെൺകുട്ടി ആത്മഹത്യക്ക് ശ്രമിച്ചു. പാലത്തിന് മുകളിൽനിന്ന് താഴേക്ക് ചാടി ആത്മഹത്യചെയ്യാൻ ശ്രമിച്ച 20കാരിയെ രക്ഷപ്പെടുത്തിയെങ്കിലും പക്ഷാഘാതം സംഭവിക്കുകയായിരുന്നു.
കാമുകന്‍റെയും സുഹൃത്തുക്കളുടെയും നിരന്തര ഭീഷണിയാണ് പെൺകുട്ടിയെ കടുംകൈ ചെയ്യാൻ പ്രേരിപ്പിച്ചത്.
ഉത്തർപ്രദേശിലെ മൊറാദാബാദിലാണ് സംഭവം. ശദബ് എന്ന യുവാവുമായി ഏകദേശം നാലുമാസം മുമ്പ് പ്രണയത്തിലാകുകയായിരുന്നു പെൺകുട്ടി. ഒരിക്കൽ ശദബിന്‍റെ ബന്ധുവിന്‍റെ വീട്ടിലേക്ക് പെൺകുട്ടിയെ കൂട്ടിെക്കാണ്ടുപോയിരുന്നു. അവിടെവെച്ച് പെൺകുട്ടിയെ നിർബന്ധിച്ച് നഗ്ന ചിത്രങ്ങളും വിഡിയോകളും എടുത്തു.
തുടർന്ന് ഇയാൾ ചിത്രങ്ങൾ മൂന്ന് സുഹൃത്തുക്കൾക്ക് അയച്ചുനൽകിയതായും പെൺകുട്ടി പറയുന്നു. ഇതിനുശേഷം ശദബും സുഹൃത്തുക്കളും ചേർന്ന് പെൺകുട്ടിയെ ഭീഷണിപ്പെടുത്താൻ ആരംഭിച്ചു. സുഹൃത്തുക്കൾക്കൊപ്പം ലൈംഗിക ബന്ധത്തിൽ ഏർപ്പെടണമെന്നും അല്ലെങ്കിൽ പണം നൽകണമെന്നുമായിരുന്നു ഭീഷണി. നിർദേശം അനുസരിച്ചില്ലെങ്കിൽ ചിത്രങ്ങളും വിഡിയോകളും സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്നും ഇയാൾ ഭീഷണിപ്പെടുത്തി. എന്നാൽ പെൺകുട്ടി യുവാവിന്‍റെ ആവശ്യം നിഷേധിച്ചു.
'അവൻ എന്നോട് സുഹൃത്തുക്കൾക്കൊപ്പം ലൈംഗിക ബന്ധത്തിൽ ഏർപ്പെടണമെന്നും അല്ലെങ്കിൽ 50,000 രൂപ നൽകണമെന്നും ഭീഷണിപ്പെടുത്തി. അല്ലെങ്കിൽ സമൂഹമാധ്യമങ്ങളിൽ ചിത്രങ്ങൾ പ്രചരിപ്പിക്കുമെന്ന് പറഞ്ഞു. ഇത് പുറത്തറിഞ്ഞാൽ എന്‍റെ കുടുംബം എന്നെ സംരക്ഷിക്കില്ലെന്ന് അവന്‍റെ സുഹൃത്തുക്കൾ പറഞ്ഞു' -പെൺകുട്ടി പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.
കാമുകനിൽനിന്നും സുഹൃത്തുക്കളിൽനിന്നും ഭീഷണി കടുത്തതോടെ പെൺകുട്ടി ജീവനൊടുക്കാൻ ശ്രമിക്കുകയായിരുന്നു. തുടർന്ന് പാലത്തിന് മുകളിൽനിന്ന് താേഴക്ക് ചാടി. പെൺകുട്ടി താഴേക്ക് ചാടുന്നത് കണ്ട പ്രദേശവാസികൾ ഉടൻ തന്നെ രക്ഷപ്പെടുത്തുകയായിരുന്നു. ആശുപത്രിയിലെത്തിച്ചതിനാൽ ജീവൻ തിരിച്ചുകിട്ടി. എന്നാൽ കുട്ടിയുടെ രണ്ടുകാലുകളും തളർന്നുപോകുകയായിരുന്നു.
പെൺകുട്ടിയുടെ കുടുംബത്തിന്‍റെ പരാതിയിൽ പൊലീസ് കേസെടുത്തു. ശദബ്, സുഹൃത്തുക്കളായ ആരിഫ്, സദ്ദാം, റാഷിദ് എന്നിവർക്കെതിരെയാണ് കേസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.