ന്യൂഡൽഹി: വിദ്യാഭ്യാസ അവകാശ നിയമം അനുശാസിക്കുംപ്രകാരം ദുർബല, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിലെ കുട്ടികൾക്ക് സ്വകാര്യ സ്കൂളുകളിൽ പ്രവേശനം നൽകുന്നതിനുള്ള നടപടിയെടുക്കാൻ ദേശീയ ബാലാവകാശ സംരക്ഷണ കമീഷൻ (എൻ.സി.പി.സി.ആർ) കേരള സർക്കാറിനോട് ആവശ്യപ്പെട്ടു. വിദ്യാഭ്യാസ അവകാശ നിയമം നിഷ്കർഷിക്കുന്ന കാര്യങ്ങൾ നടപ്പാക്കിയില്ലെങ്കിൽ പ്രസ്തുത നിയമത്തിന്റെയും ഭരണഘടന ഉറപ്പുനൽകുന്ന മൗലികാവകാശങ്ങളുടെയും ലംഘനമായി കണക്കാക്കുമെന്നും കേരള ചീഫ് സെക്രട്ടറിക്ക് അയച്ച കത്തിൽ കമീഷൻ അധ്യക്ഷൻ പ്രിയങ്ക കനൂങ്കോ ആവശ്യപ്പെട്ടു. നിയമം കേരളത്തിൽ ഇനിയും നടപ്പാക്കിയിട്ടില്ലെന്ന് അധ്യക്ഷൻ ചൂണ്ടിക്കാട്ടി.
സ്വകാര്യ അൺഎയ്ഡഡ് വിദ്യാലയങ്ങളിലെ പ്രാഥമിക ക്ലാസുകളിൽ ദുർബല, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുട്ടികൾക്കായി ചുരുങ്ങിയത് 25 ശതമാനം സീറ്റുകൾ സംവരണം ചെയ്യണമെന്ന് നിയമം അനുശാസിക്കുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. വിഷയത്തിൽ ഒരു മാസത്തിനുള്ളിൽ വിശദീകരണം നൽകണമെന്നും ആവശ്യപ്പെട്ടു.
''സമ്പന്ന കുടുംബങ്ങളിൽ നിന്നുള്ളവർ സ്വകാര്യ സ്കൂളുകളിലേക്കും പാവപ്പെട്ടവർ സർക്കാർ സ്കൂളുകളിലും പോകുംവിധം സംവിധാനത്തെ കേരളം മാറ്റിമറിച്ചുവെന്നും മുതലാളിത്ത വ്യവസ്ഥിതി സമ്പ്രദായമാണ് ഇവിടെ പുലരുന്നതെന്നും അധ്യക്ഷൻ ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.