പട്ന: മുഖ്യമന്ത്രി നിതീഷ് കുമാറിന് 15 വർഷം കൊണ്ട് സാധ്യമാവാത്തത് ചെയ്യാനായി ഒരവസരം നൽകണമെന്ന് ആർ.ജെ.ഡി നേതാവ് തേജസ്വി യാദവ്. നിതീഷ് കുമാറിന് ബിഹാറിനെ കൈകാര്യം ചെയ്യാൻ സാധിക്കാതായെന്നും അദ്ദേഹം ഇത്തവണ ഭരണത്തിൽനിന്ന് വിടപറയുമെന്ന കാര്യം സുനിശ്ചിതമാണെന്നും തേജസ്വി പറഞ്ഞു.
'' നിതീഷ് കുമാറിന് ബിഹാറിനെ കൈകാര്യം ചെയ്യാൻ കഴിയുന്നില്ല. വിദ്യാഭ്യാസ, ആരോഗ്യ, ക്രമസമാധാന മേഖലകളിൽ ജോലി ഒഴിഞ്ഞു കിടക്കുകയാണ്. ഒരു ലക്ഷം ജനസംഖ്യക്ക് 77 പൊലീസുകാരാണ് ബിഹാറിലുള്ളത്. മണിപ്പൂരിൽ പോലും അതിൽ കൂടുതൽ വന്നതെങ്ങനെയാണ്? ഞങ്ങൾക്ക് ഒരവസരം നൽകണമെന്ന് പൊതുജനങ്ങളോട് ആവശ്യപ്പെടുകയാണ്. 15 വർഷം കൊണ്ട് നിതീഷ് കുമാറിന് നേടാൻ സാധിക്കാത്തത് ഞങ്ങൾക്ക് ചെയ്യാൻ കഴിയും. അദ്ദേഹത്തിൻെറ വിട പറയൽ സുനിശ്ചിതമാണ്. മഹാഗഡ്ബന്ധൻ സർക്കാറാണ് വരുന്നത്.'' -തേജസ്വി യാദവ് മാധ്യമങ്ങളോട് പറഞ്ഞു.
നിതീഷ് കുമാർ തന്നെ ക്രിക്കറ്റർ എന്ന് വിളിച്ച് പരിഹസിച്ചതിനും തേജസ്വി യാദവ് തിരിച്ചടിച്ചു. ''നിതീഷ് കുമാറിന് എന്തു പറ്റി? പരിചയ സമ്പന്നനായ രാഷ്ട്രീയക്കാരനായിട്ടും അദ്ദേഹത്തിന് എങ്ങനെ ഇത്തരത്തിൽ സംസാരിക്കാൻ സാധിക്കുന്നു.? ക്രിക്കറ്റിൽ നിന്നും സിനിമയിൽ നിന്നും രാഷ്ട്രീയത്തിേലക്ക് വരാൻ കഴിയില്ലേ? ഡോക്ടർമാർക്കും എഞ്ചിനീയർമാർക്കുമൊന്നും വരാൻ കഴിയില്ലെന്നാണോ അദ്ദേഹം അർത്ഥമാക്കുന്നത്? '' -തേജസ്വി ചോദിച്ചു.
സ്പോർട്സ്മാൻ സ്പിരിറ്റ്, നേതൃഗുണം, ടീം വർക്ക് എന്നിവയെല്ലാം താൻ പരിശീലിച്ചത് ക്രിക്കറ്റിൽ നിന്നാണെന്നും അദ്ദേഹം പറഞ്ഞു.
േതജസ്വി യാദവ് രാഷ്ട്രീയത്തിൽ വരുന്നതിന് മുമ്പ് ക്രിക്കറ്റിൽ സംസ്ഥാന തലത്തിൽ കളിച്ചിരുന്നു. ഡൽഹി ഐ.പി.എൽ ടീമിലും അംഗമായിരുന്നു. പിതാവ് ലാലു പ്രസാദ് യാദവ് അഴിമതിക്കേസിൽ ജയിലിലായതോടെ രാഷ്ട്രീയ ജനതാദളിനെ(ആർ.ജെ.ഡി) നയിക്കുന്നത് 31കാരനായ േതജസ്വി യാദവ് ആണ്. ഇടതുപക്ഷവും കോൺഗ്രസും ഉൾപ്പെടെയുള്ള കക്ഷികൾ പിന്തുണക്കുന്ന പ്രതിപക്ഷ സഖ്യത്തിൻെറ മുഖ്യമന്ത്രി സ്ഥാനാർഥിയാണ് തേജസ്വി യാദവ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.