ന്യൂഡൽഹി: ഡൽഹി മുനിസിപ്പൽ കോർപറേഷനിലേക്ക് വിവിധ മേഖലകളിലെ വിദഗ്ധരായ 10 പേരെ നാമനിർദേശം ചെയ്യാനുള്ള അധികാരം ലെഫ്റ്റനന്റ് ഗവർണർക്ക് നൽകുന്നത് തിരഞ്ഞെടുക്കപ്പെട്ട കൗൺസിലിനെ അസ്ഥിരപ്പെടുത്തുമെന്ന് സുപ്രീംകോടതി. ലെഫ്റ്റനന്റ് ഗവർണർക്ക് നാമനിർദേശം ചെയ്യാനുള്ള അധികാരത്തിനെതിരെ ഡൽഹി സർക്കാർ നൽകിയ ഹരജി വിധിപറയാൻ മാറ്റിയാണ് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അടങ്ങിയ ബെഞ്ചിന്റെ സുപ്രധാന നിരീക്ഷണം.
ഡിസംബറിൽ നടന്ന കോർപറേഷൻ തെരഞ്ഞെടുപ്പിൽ 135 സീറ്റുമായി ആംആദ്മി പാർട്ടി ഭരണം പിടിച്ചിരുന്നു. 15 വർഷം തുടർച്ചയായി ഭരിച്ചിരുന്ന ബി.ജെ.പി 104 സീറ്റിലൊതുങ്ങി. ഭരണം നഷ്ടമായ ബി.ജെ.പി ലെഫ്റ്റനന്റ് ഗവർണറെ ഉപയോഗിച്ച് വൈരാഗ്യരാഷ്ട്രീയം കളിക്കുന്നതിനിടെയാണ് കോടതിയുടെ നിരീക്ഷണം. ഈ വ്യക്തികളെ നാമനിർദേശം ചെയ്യുന്നതിൽ കേന്ദ്രത്തിന് എന്തിനാണ് ആശങ്കയെന്നും സുപ്രീംകോടതി ചോദിച്ചു. വോട്ടിങ്ങിനടക്കം അധികാരമുള്ളവരെ ലെഫ്റ്റനന്റ് ഗവർണർ നാമനിർദേശം ചെയ്താൽ ജനാധിപത്യരീതിയിൽ തെരഞ്ഞെടുക്കപ്പെട്ട മുനിസിപ്പൽ കമ്മിറ്റികൾ അസ്ഥിരമാകുമെന്ന് കോടതി പറഞ്ഞു.
മന്ത്രിസഭയുടെ സഹായത്തോടെയും ഉപദേശത്തോടെയുമാണ് ലെഫ്റ്റനന്റ് ഗവർണർ പ്രവർത്തിക്കേണ്ടതെന്ന് ബെഞ്ച് വ്യക്തമാക്കി. സർക്കാർ സഹായത്തോടെയാണ് മുനിസിപ്പൽ കോർപറേഷനിലേക്ക് നാമനിർദേശം ചെയ്യാറുള്ളതെന്ന് ഡൽഹി സർക്കാറിനായി ഹാജരായ മനു അഭിഷേക് സിങ്വി പറഞ്ഞു. സ്വന്തംനിലയിൽ ലെഫ്റ്റനന്റ് ഗവർണർക്ക് നിയമനം നടത്താനാകില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വാർഡ് കമ്മിറ്റികളിൽ വോട്ടവകാശമുള്ളവരാണ് നാമനിർദേശം ചെയ്യപ്പെടുന്നവരെന്നും അഭിഷേക് സിങ്വി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.