ഗോവയില്‍ പ്രതിപക്ഷ നേതാവിനെ പ്രഖ്യാപിക്കാൻ കഴിയാതെ കോണ്‍ഗ്രസ്

പനാജി: സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വന്ന് മൂന്ന് ദിവസം കഴിഞ്ഞിട്ടും ഗോവയിലെ കോണ്‍ഗ്രസ് നിയമസഭാ കക്ഷി നേതാവിനെ സംബന്ധിച്ച് ഇതുവരെ തീരുമാനമായില്ല. തെരഞ്ഞെടുപ്പ് തോൽവിക്ക് ശേഷം ഗോവ കോണ്‍ഗ്രസ് ഘടകം ഒരു യോഗം പോലും നടത്തിയിട്ടില്ലെന്നും റിപ്പോർട്ടുകൾ പറയുന്നു. 40 അംഗ നിയമസഭയില്‍ കോണ്‍ഗ്രസിന് 11 സീറ്റും, സഖ്യകക്ഷിയായ ഗോവ ഫോര്‍വേഡ് പാര്‍ട്ടിക്ക് (ജി.എഫ്.പി) ഒരു സീറ്റും ലഭിച്ചപ്പോൾ ബി.ജെ.പി 20 സീറ്റുകളാണ് നേടിയത്.

തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചയുടന്‍ കോണ്‍ഗ്രസ് - ജി.എഫ്.പി സഖ്യം തങ്ങളുടെ പ്രതിപക്ഷ നേതാവിന്റെ പേര് നല്‍കുമെന്ന് ഒരു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ വോട്ടെണ്ണലിന് ശേഷമുള്ള യോഗത്തിലേക്ക് തങ്ങള്‍ക്ക് ഇതുവരെ ക്ഷണമൊന്നും ലഭിച്ചിട്ടില്ലെന്നാണ് ഞായറാഴ്ച ഒരു കോണ്‍ഗ്രസ് നേതാവ് പി.ടി.ഐയോട് പറഞ്ഞത്.

അതേസമയം നിയമസഭാ കക്ഷി നേതാവിന്റെ കാര്യത്തില്‍ ശരിയായ സമയത്ത് തീരുമാനമെടുക്കുമെന്ന് നിയുക്ത കോണ്‍ഗ്രസ് എം.എല്‍.എ മൈക്കിള്‍ ലോബോ പറഞ്ഞു.

താൻ ഒരു പോസ്റ്റിനും വേണ്ടി ലോബി ചെയ്യുന്നില്ലെന്നും പാര്‍ട്ടി ഹൈക്കമാന്‍ഡ് തനിക്ക് ചുമതല നല്‍കിയാല്‍ അത് സ്വീകരിക്കാന്‍ തയാറാണെന്നും ലോബോ കൂട്ടിച്ചേർത്തു. മുന്‍ മുഖ്യമന്ത്രി ദിഗംബര്‍ കാമത്ത് മര്‍ഗോ അസംബ്ലി മണ്ഡലത്തില്‍ നിന്ന് മത്സരിച്ചപ്പോൾ മൈക്കിള്‍ ലോബോ കലാന്‍ഗുട്ടില്‍ നിന്നാണ് വിജയിച്ചത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.